ബീഫ് പ്രമേയമാക്കി ലഘു ചിത്രം

0
140

കൊച്ചി:അടുക്കളയിലും ഫാസിസത്തിന്റെ കൈകടുത്തലിനെതിരെ പ്രതിഷേധത്തിന്റെ പൊതുബോധമുയർത്താൻ   ജനകീയ സിനിമാ പ്രവർത്തകരുടെ കൂട്ടായ്മയിൽ ലഘുചിത്രം പൂർത്തിയായി. സി കെ ചന്ദ്രപ്പൻ സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പീപ്പിൾസ് സിനിമയുടെ സഹകരണത്തോടെ  നിർമ്മിച്ചിട്ടുള്ള മുനമ്പ് – ദി ടേസ്റ്റ് ഓഫ് ടെറർ  എന്ന ലഘുചിത്രം ബീഫിന്റെ രാഷ്ട്രീയവും ഒരു ജനതയുടെ ഭക്ഷണ ശീലങ്ങളിലുള്ള കടന്നുകയറ്റവും വർത്തമാനകാലത്ത് നമുക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളും അടയാളപ്പെടുത്തുന്നു. ഫാസിസം എങ്ങിനെയാണ് ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും ശരീരത്തിനും സ്വത്വത്തിനും മീതെ വിലക്കുകളും  നിഷേധങ്ങളുമേർപ്പെടുത്തി ജനാധിപത്യ സങ്കല്പങ്ങളെ ഇല്ലാതാക്കുന്നതെന്നും ഈ ലഘുചിത്രം ഓർമപ്പെടുത്തുന്നു.സവർണ നീതിയുടെയും സാംസ്‌കാരിക തത്വ ശാസ്ത്രത്തിന്റെയും ഭീതിജനകമായ വ്യാപനത്തിന്റെ രാഷ്ട്രീയം ഒരു മനുഷ്യന്റെ മൗലികമായ അവകാശങ്ങളെ തകർക്കാൻ ശ്രമിക്കുന്നത് സമീർ എന്ന ചെറുപ്പക്കാരന്റെ കാഴ്ചപ്പാടുകളിലൂടെ അവതരിപ്പിക്കുന്ന സിനിമയിൽ സമകാലീനമായ കേരളത്തിന്റെ രാഷ്ട്രീയ ഭൂപടം സുരക്ഷിതമായൊരു ജീവിതത്തെ സാധ്യമാക്കുമെന്നുള്ള തിരിച്ചറിവിലേക്ക് പ്രേക്ഷകനെ നയിക്കുന്നതോടെയാണ് 10  മിനിറ്റ് ദൈർഖ്യമുള്ള സിനിമ അവസാനിക്കുന്നത്.പ്രശസ്തനായ ഹ്രസ്വ ചിത്ര സംവിധായകനായ ശ്രീനിവാസൻ രാമചന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ചിട്ടുള്ള ചിത്രത്തിൽ പ്രമുഖ നാടക കലാകാരനായ ഷാബു കെ മാധവൻ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കലാമേന്മയോടെ ഛായാഗ്രഹണം ശ്രീരാഗ് കൈകാര്യം ചെയ്തിരിക്കുന്നു.ആദ്യാവസാനം വരെ  സസ്പെൻസിലൂടെ  വികാരപരമായി കഥ അവതരിപ്പിക്കാൻ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്.സി കെ ചന്ദ്രപ്പൻ സാംസ്‌കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സമകാലീന വിഷയങ്ങളിൽ  സാംസ്‌കാരികപരമായ ഇടപെടലിന്റെ ഭാഗമായാണ് ചിത്ര നിർമ്മാണമെന്ന് കോ – ഓർഡിനേറ്റർ ജേക്കബ് ലാസർ  പറഞ്ഞു. നിരവധി വിഷയങ്ങൾ പരിഗണയിലാണെന്നും വൈകാതെ അവയും ചിത്രമാക്കുമെന്നും വിവിധ ഡോക്യൂമെന്ററികളും നിർമ്മിക്കാൻ ആലോചനയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ  എസ് ബാബുക്കുട്ടി , സെക്രട്ടറി അഡ്വ കെ ബാലചന്ദ്രൻ എന്നിവരുടെ  മേൽനോട്ടത്തിലാണ് സിനിമ പൂർത്തിയായിട്ടുള്ളത് .ഇന്നലെ എറണാകുളത്ത് നടന്ന ചടങ്ങിൽ മുൻമന്ത്രിയും സി പി ഐ ദേശീയ എക്‌സിക്യൂട്ടീവ് മെമ്പറുമായ ബിനോയ് വിശ്വം സിനിമയുടെ ആദ്യ പ്രദർശനം  ഉദ്ഘാടനം ചെയ്തു.