ബോട്ടിൽ കപ്പലിടിച്ച് അപകടം: തിരച്ചിൽ തുടരുന്നു

0
132

മത്സ്യബന്ധനത്തിനു പോയ കാർമൽ മാതാ ബോട്ടിൽ കപ്പലിടിച്ചതിനെത്തുടർന്ന് മരിച്ച തമിഴ്നാട് സ്വദേശി ആന്റണിജോണിന്റെ മൃതദേഹം  പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ജനറൽ ആശുപത്രിയിൽ പോലീസ് സർജന്റെ സാന്നിദ്ധ്യത്തിലായിരുന്നു പോസ്റ്റ് മോർട്ടം. ജില്ലാ ഭരണകൂടത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും നേതൃത്വത്തിൽ രാവിലെ തന്നെ നടപടികൾ വേഗത്തിലാക്കിയിരുന്നു. മൃതദേഹം ബന്ധുക്കൾ സ്വദേശമായ കുളച്ചലിലേക്ക് കൊണ്ടു പോയി.
മരിച്ച അസം സ്വദേശി രാഹുലിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം എംബാം ചെയ്തു സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാളെ രാവിലെ വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ നിന്ന് അസമിലെത്തിക്കും.
14 പേരുണ്ടായിരുന്ന ബോട്ടിലെ 11 പേരെ രക്ഷപ്പെടുത്തി. അസം സ്വദേശി മോത്തി ദാസിനായുള്ള തിരച്ചിൽ തുടരുകയാണ്. ഇന്നലെ (ജൂൺ 12)രാവിലെ അഞ്ചു മണിമുതൽ  തിരച്ചിലാരംഭിച്ചിരുന്നു. നേവി, കോസ്റ്റ് ഗാർഡിന്റെ രണ്ടു ഹെലികോപ്റ്ററുകൾ, മറൈൻ എൻഫോഴസ്മെന്റ് വിഭാഗം തുടങ്ങിയവരെയുൾപ്പെടുത്തിയാണ് കാണാതായ വ്യക്തിക്കുള്ള തിരച്ചിൽ തുടരുന്നത്. നേവി, മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റ് ഗാർഡ് എന്നിവയുടെ നേതൃത്വത്തിൽ ഇന്ന് (ജൂൺ 13) രാവിലെ തിരച്ചിൽ തുടരും. നേവിയുടെ മുങ്ങൽ വിദഗ്ദ്ധരെക്കൂടി തിരച്ചിലിൽ ഉൾപ്പെടുത്തും.
ആംബർ എൽ കപ്പൽ ബോട്ടിലിടിച്ചതിനെക്കുറിച്ചുള്ള അന്വേഷണം ഡിജിഎസ് (ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ്) ആരംഭിച്ചിട്ടുണ്ട്