ഭിന്നശേഷിക്കാരുടെ ശാരീരിക മാനസിക ശേഷി ഉയർത്തി സമൂഹത്തിന്റെ ഉന്നതിയിലെത്തിക്കണം: ഉപരാഷ്ട്രപതി

0
94

ഭിന്നശേഷി വിഭാഗങ്ങളുടെ ശാരീരിക, മാനസിക ശേഷി ഉയർത്തി സമൂഹത്തിന്റെ ഉന്നതിയിലെത്തിക്കണമെന്നും സംസ്ഥാന സർക്കാരിന്റെ അനുയാത്ര പദ്ധതി ഈ ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും ഉപരാഷ്ട്രപതി എം. ഹാമിദ് അൻസാരി പറഞ്ഞു. ഭിന്നശേഷിക്കാർക്കായി സർക്കാർ ആവിഷ്‌കരിച്ച അനുയാത്ര പദ്ധതിയുടെ നിർവഹണോദ്ഘാടനം തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ശാരീരികവും ബൗദ്ധികവുമായ വൈകല്യങ്ങൾക്ക് സാമൂഹ്യ സാഹചര്യങ്ങൾക്കനുസരിച്ച് വ്യതിയാനമുണ്ടാവും. അതിനാൽ സാമൂഹ്യ പങ്കാളിത്തത്തോടെ ഇത്തരക്കാരുടെ ആവശ്യങ്ങളെ ലക്ഷ്യമിട്ടുള്ള പുനരവധിവാസ പദ്ധതികളാണ് ആവശ്യം.

പൊതുവിദ്യാഭ്യാസരംഗത്ത് കേരളം പുലർത്തുന്ന പുരോഗമനപരവും നൂതനവുമായ സമീപനം പ്രസിദ്ധമാണ്. അതിന്റെ ഒരു വശം ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസമാണ്. നയപരമായി പ്രധാന പരിഗണന നൽകേണ്ട ഒരു വിഷയമായി ഭിന്നശേഷി മാറിയിട്ടുണ്ട്. വൈകല്യങ്ങളെ പ്രതിരോധിക്കുന്നതിൽ തുടങ്ങി സാമ്പത്തിക ശാക്തീകരണവും സുസ്ഥിരമായ സ്വാശ്രയശീലം വളർത്തുന്നതുൾപ്പെടെ 20ലധികം ഇടപെടലുകളിലൂടെ പുനരധിവാസം സാധ്യമാക്കുകയാണ് അനുയാത്രയുടെ ലക്ഷ്യം. ഭിന്നശേഷിക്കാരായ കുട്ടികൾ തന്നെയാണ് നൂതനവും അഭിമാനാർഹവുമായ പദ്ധതിയുടെ പ്രതിപുരുഷൻമാരാകാൻ അനുയോജ്യർ. ശ്രദ്ധയും പ്രോത്സാഹനവും നൽകിയാൽ ഇവർ വൻനേട്ടങ്ങൾ കൊയ്യുമെന്നതിൽ സംശയമില്ല.

ഏറെ സവിശേഷതകളുള്ള ഈ കുട്ടികൾ മനുഷ്യ ചൈതന്യത്തിന്റെ ദൃഢനിശ്ചയവും വിജയവും പ്രദർശിപ്പിക്കുക മാത്രമല്ല മറ്റനേകം പേരെ തങ്ങളുടെ വെല്ലുവിളികൾ മറികടക്കാൻ പ്രചോദിപ്പിക്കുകയും ലക്ഷ്യവും സ്വപ്നങ്ങളും സാക്ഷാത്കരിക്കാൻ സഹായിക്കുകയും ചെയ്യുമെന്നും ഉറപ്പുണ്ട്. വൈകല്യത്തിന്റെ ആഴത്തെക്കുറിച്ചുള്ള ഗവേഷണം, കൃത്യസമയത്തുള്ള ഇടപെടൽ തന്ത്രങ്ങൾ, അവയുടെ നടപ്പാക്കൽ എന്നിവയെല്ലാം ഇപ്പോഴും നമ്മുടെ രാജ്യത്ത് പ്രാരംഭ ഘട്ടത്തിലാണ്. യു. എൻ. സർവേ പ്രകാരം രാജ്യത്ത് 19 വയസു വരെയുള്ള 1.67 ശതമാനം ജനങ്ങൾ പ്രത്യേക പരിഗണന വേണ്ടവരാണ്. മൊത്തം ജനസംഖ്യയിൽ ഇങ്ങനെ പരിഗണന ആവശ്യമായതിൽ 35.29 ശതമാനവും കുട്ടികളാണ്. സ്ഥാപനാടിസ്ഥാനത്തിലും ആവശ്യക്കാരുടെ അടുത്ത് എത്തിച്ചേർന്നും സാമൂഹികാടിസ്ഥാനത്തിലുമാണ് ഇത്തരക്കാരുടെ പുനരധിവാസം നടപ്പാക്കേണ്ടത്. വിവിധ സർക്കാർ സ്ഥാപനങ്ങളുടെ പിന്തുണയോടെ സാമൂഹികാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയാണ് അനുയാത്രയെന്നും അദ്ദേഹം പറഞ്ഞു.

അനുയാത്ര പദ്ധതിയിലൂടെ കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായിരിക്കുകയാണെന്ന് അദ്ധ്യക്ഷത വഹിച്ച ഗവർണർ പി. സദാശിവം പറഞ്ഞു. ഭിന്നശേഷിയുള്ള കുട്ടികളുടെ കഴിവുകൾ സ്‌കൂളുകളിൽ വച്ചുതന്നെ കണ്ടെത്തി പരിപോഷിപ്പിക്കണം. എല്ലാ മേഖലകളിലും കേരളം ഭിന്നശേഷി സൗഹൃദമാണെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. മാജിക് അക്കാഡമിയുടെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച ഭിന്നശേഷിയുള്ള കുട്ടികൾ ചടങ്ങിൽ മാജിക് അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചർ, മേയർ വി. കെ. പ്രശാന്ത്, വി. എസ്. ശിവകുമാർ എം. എൽ. എ, അഡീഷണൽ ചീഫ് സെക്രട്ടറി കെ. എം. എബ്രഹാം, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ഇൻ ചാർജ് റാണി ജോർജ്, എൻ. എച്ച്. എം ഡയറക്ടർ കേശവേന്ദ്രകുമാർ, സാമൂഹ്യനീതി ഡയറക്ടർ ടി. വി. അനുപമ, സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ, മജീഷ്യൻ ഗോപിനാഥ് മുതുകാട് എന്നിവർ സംബന്ധിച്ചു.