മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് കൊണ്ടുവരാനുള്ള നീക്കം ലീഗിന്റെ രാഷ്ട്രീയ പാപ്പരത്തത്തിന്റെ തെളിവാണെന്ന് ബി.ജെ.പി. നേതാവ് കെ.സുരേന്ദ്രന്. കേസില്‍ പരാജയപ്പെടുമെന്ന് കണ്ടാണ് രാജിവച്ച് ഉപതെരഞ്ഞെടുപ്പ് കൊണ്ടുവരാന്‍ നീക്കം നടത്തുന്നത്. രണ്ടും രണ്ടും ചേര്‍ത്താല്‍ നാലാകില്ല. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. മഞ്ചേശ്വരത്ത് മത്സരിച്ച് ലീഗിനെ പരാജയപ്പെടുത്താന്‍ സാധിക്കുമോയെന്ന് നോക്കും. അവിടെ 3000 കള്ളവോട്ട് നടന്നിട്ടുണ്ട്. കേസ് നീണ്ടുപോകാതിരിക്കാന്‍ 299 വോട്ടുകള്‍ സംബന്ധിച്ച വിവരങ്ങളെ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളു. ലീഗിന് അതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ പറ്റില്ലെന്നും മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ ലീഗ് ശ്രമിക്കുന്നു എന്ന വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ട് സുരേന്ദ്രന് പറഞ്ഞു.
മഞ്ചേശ്വരം എം.എല്‍.എ. അബ്ദുള്‍ റസാഖിനെ രാജിവയ്പ്പിച്ച് മണ്ഡലത്തെ തെരഞ്ഞെടുപ്പിലേക്ക് നയിക്കാന്‍ ലീഗ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കെ.സുരേന്ദ്രന് നല്കിയ തെരഞ്ഞെടുപ്പ് കേസില്‍ പരാജയപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഈ നീക്കം ലീഗ് നടത്തുന്നതെന്നാണ് പറയുന്നത്. ഇതിനായി നിലവിലെ എംഎല്‍എ അബ്ദുള്‍ റസാഖിനെ രാജിവെപ്പിക്കാനാണ് ലീഗ് നേതൃത്വം ആലോചിക്കുന്നത്. ഇടതുപക്ഷവുമായി രഹസ്യ ധാരണയോടെ ഉപതെരഞ്ഞെടുപ്പില്‍ വിജയം വരിക്കാമെന്നാണ് ലീഗ് കരുതുന്നത്.
മഞ്ചേശ്വരത്ത് കള്ളവോട്ടു നടന്നു എന്നാരോപിച്ചാണ് ബി.ജെ.പി. സ്ഥാനാര്‍ഥിയായ കെ.സുരേന്ദ്രന് നിയമ പോരാട്ടം നടത്തുന്നത്. മരിച്ചവരുടെ ഡെത്ത് സര്‍ട്ടിഫിക്കറ്റ്, വിദേശത്തുണ്ടായിരുന്നവരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ എന്നിവ കോടതിയില്‍ അദ്ദേഹം ഹാജരാക്കിയിട്ടുണ്ട്. ഇനിയും ചില വിവരങ്ങള്‍ ഹാജരാക്കി കഴിഞ്ഞാല്‍ മുസ്ലീം ലീഗിന് ഒരുകാരണവശാലും ജയിക്കാന്‍ കഴിയില്ല. വളരെ ആസൂത്രിതമായ തെഞ്ഞെടുപ്പ് അട്ടിമറിയായിരുന്നു ഇത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ ഒരു നിയമ യുദ്ധമായിരിക്കും ഇത്. ആരും ഇതേവരെ ഇതേപോലൊരു കേസ് നടത്തിയിട്ടില്ല. ഈ കേസില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനെ ജനാധിപത്യ വിരുദ്ധമായി അട്ടിമറിക്കുന്നത് എങ്ങനെയെന്ന വിവരങ്ങളുണ്ട്. നിയമസഭയില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സമ്പ്രദായങ്ങളില്‍ മാറ്റം വരുത്താന്‍ ആവശ്യമായ നീക്കം നടത്താന്‍ സാധിക്കുമെന്ന ഉറപ്പ് ഞങ്ങള്‍ക്കുണ്ടെന്നും കെ.സുരേന്ദ്രന് പറഞ്ഞു.