മദ്രാസ് ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ; നീറ്റ് ഫലം പ്രസിദ്ധീകരിക്കാമെന്ന് സുപ്രീം കോടതി

0
86

മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയുടെ (നീറ്റ്) ഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. സി.ബി.എസ്.ഇയ്ക്ക് ഫലം പ്രസിദ്ധീകരിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കീഴ്ക്കോടതികള്‍ പരിഗണിക്കുന്നതും സുപ്രീംകോടതി തടഞ്ഞിട്ടുണ്ട്.

വിധിയുടെ പശ്ചാത്തലത്തില്‍ ഈ മാസം 26 ന് മുന്‍പ് ഫലം പ്രസിദ്ധീകരിക്കുമെന്ന് സി.ബി.എസ്.ഇ. കോടതിയെ അറിയിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷയ്ക്ക് ഏകീകൃത ചോദ്യപേപ്പറായിരുന്നില്ല എന്ന ആക്ഷേപം ഉന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ സി.ബി.എസ്.ഇ. സുപ്രീം കോടതിയെ സമീപിച്ചത്. ഇതിലാണ് ഇപ്പോള്‍ വിധിയുണ്ടായിരിക്കുന്നത്.

ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത ചോദ്യ പേപ്പറുകളാണെന്നും പരീക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍. എല്ലാ സംസ്ഥാനത്തും പരീക്ഷ നടത്തിയത് ഏകീകൃത രീതിയിലല്ലെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. എന്നാല്‍, ഹര്‍ജിക്കാരുടെ ആരോപണം സി.ബി.എസ്.ഇ. നിഷേധിച്ചിരുന്നു. പ്രാദേശിക ഭാഷയിലെ ചോദ്യക്കടലാസ് ഇംഗ്ലീഷ് ഭാഷയിലെ ചോദ്യക്കടലാസുകളെക്കാള്‍ എളുപ്പമുള്ളതാണെന്ന ആരോപണം സി.ബി.എസ്.ഇ. തള്ളിക്കളഞ്ഞു.