മറ്റുള്ളവരുടെ സിനിമകളിൽ ആന്റണി പെരുമ്പാവൂർ അഭിനയിക്കുന്നത് മോഹൻലാൽ വിലക്കി

0
423

മോഹൻലാലിന്റെ കമലദളം മുതലുള്ള പല സിനിമകളിലും ആന്റണി പെരുമ്പാവൂർ അഭിനയിച്ചിട്ടുണ്ട്. ഹരികൃഷ്ണൻസ്, അലീഭായി, ദൃശ്യം, ഒപ്പം, പുലിമുരുകൻ എന്നീ ചിത്രങ്ങളിലൊക്കെ ചെറുതും ശ്രദ്ധിക്കപ്പെടുന്നതുമായ വേഷങ്ങൾ ആന്റണി ചെയ്തിട്ടുണ്ട്. ഇതോടെ പലരും ആന്റണിയെ അഭിനയിക്കാൻ വിളിച്ചു. എന്നാൽ തന്റേതല്ലാത്ത സിനിമകളിൽ അഭിനയിക്കേണ്ടെന്ന് മോഹൻലാൽ ആന്റണിയോട് നിർദ്ദേശിച്ചു. മോഹൻലാൽ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പലപ്പോഴും ലാലിന്റെ നിർബന്ധപ്രകാരമാണ് ആന്റണി അഭിനയിക്കുന്നത്. ദൃശ്യത്തിലെ പൊലീസുകാരന്റെ വേഷവും അങ്ങനെയായിരുന്നു.

പട്ടണപ്രവേശം എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ആന്റണി പെരുമ്പാവൂരിനെ മോഹൻലാൽ പരിചയപ്പെടുന്നത്. ഒരു സിനിമയുടെ സെറ്റിൽ താൽക്കാലിക ഓട്ടം പോയതായിരുന്നു ആന്റണി. പിന്നീട് മൂന്നാംമുറയുടെ ലൊക്കേഷനിൽ സുഹൃത്തുക്കളുമൊത്ത് മോഹൻലാലിനെ കാണാൻ ചെന്ന ആന്റണിയോട് തന്റെ ഡ്രൈവറാകാൻ മോഹൻലാൽ ക്ഷണിക്കുകയായിരുന്നു. പിന്നീട് മോഹൻലാലിന്റെ മാനേജരായ ആന്റണി 2000ൽ നരസിംഹം എന്ന സിനിമ നിർമിച്ചു. ചിത്രം സൂപ്പർഹിറ്റായി. പിന്നീട് ഇങ്ങോട്ട് പതിനഞ്ചോളം മോഹൻലാൽ ചിത്രങ്ങൾ ആന്റണി നിർമിച്ചു. ദൃശ്യമാണ് ഏറ്റവും വലിയ ഹിറ്റ്.

ഇപ്പോൾ മോഹൻലാലിന്റെ മകൻ പ്രണവിനെ നായകനാക്കി സിനിമ നിർമിക്കാനുള്ള ഒരുക്കത്തിലാണ് ആന്റണി. മുമ്പ് മമ്മൂട്ടിയെയും മോഹൻലാലിനെയും നായകൻമാരാക്കി ഹലോ മായാവി എന്നൊരു സിനിമ നിർമിക്കാൻ ആന്റണി ആലോചിച്ചെങ്കിലും നടന്നില്ല. രജനികാന്തിന്റെ കബാലിയുടെ കേരളത്തിലെ അവകാശം നേടിയാണ് ആന്റണി തന്റെ ബാനറായ ആശീർവാദിന്റെ മാറ്റ് കൂട്ടിയത്. പ്രണവിന്റെ ആദ്യ സിനിമയും അതുപോലെയായിരിക്കുമെന്ന് ആന്റണി വിശ്വസിക്കുന്നു.