മലയാളി ബാലൻ യുഎഇ നാഷണൽ ചെസ് ചാമ്പ്യൻ

0
120

ദുബായ് : ഏഴു വയസ്സുകാരൻ അലക്സ് ജോർജ്ജിന് യുഎഇ ദേശീയ ചെസ് കിരീടം. 8 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിലാണ് ഏഴിൽ ഏഴ് പോയിന്റും നേടി അലക്സ് ചാമ്പ്യനായത്. വിവിധ എമിറേറ്റ്സുകളിൽ നിന്നുള്ള ചാമ്പ്യൻമാരാണ് ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിച്ചത്.
കിഴക്കമ്പലം സ്വദേശിയും റഷ്യൻ വ്യവസായിയുമായ ജോർജ് ജേക്കബിന്റെ പുത്രനാണ് അലക്സ് ജോർജ്. ദുബായിൽ റെപ്റ്റ സ്‌കൂളിൽ 2-ാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. നിലവിൽ അണ്ടർ-8 ദുബായ് ചാമ്പ്യനാണ് അലക്സ്. റഷ്യൻ ഗ്രാൻഡ് മാസ്റ്റർ സെർഗെ കയ്മോവാണ് അലക്സിന്റെ പരിശീലകൻ. നന്നെ ചെറുപ്പം മുതൽ ചെസ് കളിച്ചു തുടങ്ങിയ അലക്സ് സെർഗെയുടെ കീഴിൽ ഒരു വർഷമായി പരിശീലിക്കുന്നു.

യുഎഇ നാഷണൽ ചെസ് ഫെഡറേഷനാണ് ചെസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. ഫുജൈറ അൽ ബ്യസ്താൻ ഹാൾ ആയിരുന്നു ഇക്കുറി ദേശീയ മത്സരത്തിന്റെ വേദി. കഴിഞ്ഞ വർഷം കോഴിക്കോട്ടു നടന്ന കേരള അണ്ടർ 8 ചെസ് ചാമ്പ്യൻഷിപ്പിൽ അലക്സ് രണ്ടാമതെത്തിയിരുന്നു.റഷ്യൻ സ്വദേശിനി ലാലിത യെലെൻ നൂർ ആണ് അലക്സിന്റെ മാതാവ്. റഷ്യൻ വേരുകളുള്ള ഈ മലയാളി ബാലനിൽ ഒരു ഭാവി ‘കാസ്പറോവിനെ’ കളി നിരീക്ഷകർ കാണുന്നു. പക്വതയാർന്ന കളിക്കാർക്കുള്ള വേഗതയും, സൂക്ഷമതയും, അപ്രതീക്ഷിത നീക്കങ്ങളിലുള്ള മികവുമാണ് ഇവർ അലക്സിൽ കാണുന്ന പ്രത്യേകതകൾ.