മാധ്യമ പ്രവർത്തകർക്കുവേണ്ടി വാദിച്ച അഭിഭാഷകർക്ക് സസ്‌പെൻഷൻ

0
122

മാധ്യമപ്രവർത്തകർക്കു വേണ്ടി വിവിധ കേസുകളിൽ ഹാജരായ മുതിർന്ന അഭിഭാഷകരടക്കം ഒമ്പത് അഭിഭാഷകരെ ബാർ അസോസിയേഷൻ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. തിരുവനന്തപുരം ബാർ അസോസിയേഷൻ ഇക്കാര്യം അറിയിച്ച് അഭിഭാഷകർക്കു നോട്ടീസ് അയച്ചു.

ബാർ അസോസിയേഷൻ ജനറൽ ബോഡി നിർദ്ദേശം ലംഘിച്ചുവെന്നാണ് നോട്ടീസിൽ കാരണമായി അറിയിച്ചിരിക്കുന്നത്. അസോസിയേഷന്റെ ചട്ടം ലംഘിച്ചാണ് മാധ്യമപ്രവർത്തകർക്കായി ഹാജരായത്. തുടർ നടപടികൾ അടുത്തദിവസം ചേരുന്ന ജനറൽ ബോഡി തീരുമാനിക്കും. നോട്ടീസ് ലഭിച്ച അഭിഭാഷകർക്ക് ജനറൽ ബോഡിയിൽ വിശദീകരണം നൽകാമെന്നും അറിയിച്ചിട്ടുണ്ട്.

നേരത്തെ, കേരളത്തിലെ വിവിധ കോടതി പരിസരങ്ങളിൽ അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. റിപ്പോർട്ടിംഗിനെത്തിയ മാധ്യമപ്രവർത്തകരെ അഭിഭാഷകർ കോടതിയിൽ തടയുന്ന നിലയിലേക്കു കാര്യങ്ങളെത്തി. ഇതിന്റെ തുടർച്ചയായാണ് മാധ്യമപ്രവർത്തകരുടെ കേസ് വാദിച്ച അഭിഭാഷകരെ ബാർ അസോസിയേഷനിൽനിന്നു സസ്പെൻഡ് ചെയ്തതെന്നാണു സൂചന.