മിഗ് വിമാനങ്ങളെ ഒഴിവാക്കി ഇന്ത്യന്‍ വ്യോമസേന ആധുനിക വല്‍ക്കരണത്തിന്

0
119

കാലപ്പഴക്കം കൊണ്ട് തുടര്‍ച്ചയായി അപകടത്തില്‍ പെടുന്ന ഇന്ത്യയുടെ മിഗ് യുദ്ധവിമാനങ്ങള്‍ക്കു പകരം ഇന്ത്യ പുതിയ വിമാനങ്ങള്‍ വാങ്ങുന്നു. അമേരിക്കയുടെ എഫ് -16, സ്വീഡനില്‍ നിന്നുള്ള ഗ്രിപ്പന്‍ എന്നീ വിമാനങ്ങളാണ് ഇന്ത്യയുടെ ഭാഗമാകാനൊരുങ്ങുന്നത്. ഇത്തരത്തില്‍ 120 വിമാനങ്ങള്‍ വാങ്ങാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാക്കി വിദേശ കമ്പനികളുടെ വിമാനങ്ങള്‍ ഇന്ത്യയില്‍തന്നെ നിര്‍മിക്കാനാണ് നീക്കം. ഏതാണ്ട് 1.3 ലക്ഷം കോടിയുടെ ഇടപാടാണ് . ഏഴുവര്‍ഷം മുമ്പുതന്നെ എഫ് 16, ഗ്രിപ്പന്‍ വിമാനങ്ങളില്‍ വ്യോമസേന വിശദമായി പരിശോധന നടത്തിയതാണ്. 126 മധ്യദൂര മള്‍ട്ടിറോള്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന്റെ ഭാഗമായിരുന്നു അത്. ഇപ്പോള്‍ അതിനെ മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമാക്കാനാണ് തീരുമാനം. ഏഴ് വര്‍ഷം മുമ്പ് നടത്തിയ പരിശോധന എഫ് -16, ഗ്രിപ്പന്‍ വിമാനങ്ങളെ ഒഴിവാക്കിയിരുന്നു. എഫ്-16 നെ പരിഷ്‌കരിക്കാന്‍ സാധിക്കില്ലെന്ന് കണ്ടാണ് ഒഴിവാക്കിയത്. എന്നാല്‍ ഇപ്പോള്‍ ബ്ലോക്ക് 70 എന്ന പേരില്‍ ഇതിന്റെ പരിഷ്‌കരിച്ച പതിപ്പ് നിര്‍മാണ കമ്പനിയായ ജെനറല്‍ ഡൈനാമിക്‌സ് നിര്‍മിച്ചിട്ടുണ്ട്. അതേസമയം ഗ്രിപ്പന്‍ വിമാനത്തില്‍ അത്യാധുനിക റഡാര്‍ സംവിധാനം ഇല്ലായിരുന്നു. ഇപ്പോള്‍ ഇതില്‍ അവ ഉള്‍പ്പെടുത്താന്‍ സ്വീഡിഷ് എയ്‌റോസ്‌പെയ്‌സ് തയാറായിട്ടുണ്ട്. അടുത്ത വര്‍ഷത്തിനുള്ളില്‍ ഏത് കമ്പനിയാണ് മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമാകുമെന്നതില്‍ തീരുമാനമുണ്ടാകുമെന്നാണ് വ്യോമസേന പറയുന്നത്.