മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനം 25നും 26നും

0
102

പ്രധാന മന്ത്രി നരേന്ദ്രമോദി ഈമാസം 25, 26 തീയതികളില്‍ അമേരിക്ക സന്ദര്‍ശിക്കും. തീവ്രവാദം, പ്രതിരോധ രംഗത്തെ സഹകരണം, ഇന്ത്യയുടെ എന്‍.എസ്.ജി. അഗത്വം, എച്ച്-വണ്‍, ബി വിസ തുടങ്ങിയവയായിരിക്കും പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍. ജനുവരി 20ന് ട്രമ്പ് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റെടുത്തതിനു ശേഷം ഇതാദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്.

സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വരവിനായി തങ്ങള്‍ കാത്തിരിക്കുന്നു എന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹെതര്‍ നൊവേര്‍ട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. പാരിസ് ഉടമ്പടിയില്‍ നിന്നുള്ള ട്രമ്പിന്റെ പിന്‍മാറ്റവും തുടര്‍ന്ന് ഇന്ത്യയെ കുറ്റപ്പെടുത്തിയതുമെല്ലാം ട്രമ്പ്-മോഡി കൂടിക്കാഴ്ചയില്‍ കരിനിഴല്‍ വീഴ്ത്തിയേക്കാമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് പാരിസ് ഉടമ്പടിയെന്നും ഇതുവഴി ഇന്ത്യക്ക് കോടിക്കണക്കിന് വിദേശഡോളര്‍ സഹായമായി ലഭിക്കുമെന്നുമാണ് ട്രമ്പ് പറഞ്ഞത്. ലോകരാജ്യങ്ങള്‍ ഏറെ ഗൗരവത്തോടെയാണ് ട്രമ്പ്-മോദി കൂടിക്കാഴ്ചയെ നോക്കിക്കാണുന്നത്.