മോഹൻലാൽ മമ്മൂട്ടിയെ കാസ്റ്റ് ചെയ്തു

0
593


തിരുവനന്തപുരം: മലയാള സിനിമയുടെ ചിത്രീകരണവും ലാബ് വർക്കുകളും മദ്രാസിലായിരുന്ന കാലത്ത് താരങ്ങളും അണിയറ പ്രവർത്തകരും സ്ഥിരമായി പോവുകയും വരുകയും ചെയ്തിരുന്നത് മദ്രാസ് മെയിലിലായിരുന്നു. അങ്ങനെയാണ് നമ്പർ 20 മദ്രാസ് മെയിൽ എന്ന സിനിമ പിറക്കുന്നത്. പുതുമുഖങ്ങളെ വെച്ച് സിനിമയെടുക്കാനാണ് സംവിധായകൻ ജോഷി തീരുമാനിച്ചത്. എന്നാൽ മോഹൻലാലിന് കഥ ഇഷ്ടമായതോടെ എല്ലാം മാറി മറിഞ്ഞു. മണിയൻ പിള്ള രാജു, ജഗദീഷ്, അശോകൻ അങ്ങനെ അന്നത്തെ താരങ്ങളെല്ലാം ചിത്രത്തിൽ വന്നു.

ചിത്രത്തിന്റെ പകുതിയോട് അടുക്കുമ്പോൾ ഒരു സെലിബ്രിറ്റി ട്രെയിനിൽ കയറുന്നുണ്ട്. ജഗതിശ്രീകുമാറിനെ അദ്ദേഹമായി തന്നെ അഭിനയിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. ടി.ടി.ഇ വേഷത്തിൽ ഇന്നസെന്റിനെയും തീരുമാനിച്ചു. എന്നിൽ ട്രെയിൻ പാലക്കാട് എത്തുന്നതോടെ മറ്റൊരു ടി.ടി.ഇ കയറും. അതാര് ചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ലായിരുന്നു. കഥ കേട്ടപ്പോൾ മോഹൻലാൽ പറഞ്ഞു, രണ്ടാമത് വരുന്ന ടി.ടി.ഇയുടെ വേഷം ജഗതി ചേട്ടന് കൊടുത്തിട്ട് സെലിബ്രിറ്റിയുടെ വേഷം മമ്മുക്കയെ കൊണ്ട് അഭിനയിപ്പിച്ചാലോ. ഐഡിയാ കൊള്ളാമെന്ന് ജോഷിക്ക് തോന്നി.

മമ്മൂട്ടിയോട് കാര്യം പറയാൻ മോഹൻലാലിനോട് ജോഷി പറഞ്ഞു. എന്നാൽ താൻ വിളിച്ചാൽ മമ്മുക്ക വഴക്ക് പറയുമോ എന്ന് മോഹൻലാലിന് പേടി. താൻ വിളിച്ചാൽ മമ്മൂട്ടി സമ്മതിക്കുമെന്ന് ജോഷിക്കറിയാം. പക്ഷെ, ലാലും മമ്മൂട്ടിയും സ്റ്റാറുകളായി തിളങ്ങി നിൽക്കുന്ന സമയമാണ്. മോഹൻലാൽ പടത്തിൽ തുല്യമല്ലാത്ത വേഷം, ഇഷ്ടമില്ലാതെ മമ്മൂട്ടി വന്ന് അഭിനയിച്ചാലോ എന്ന ആശങ്ക ജോഷിക്കുണ്ടായി. അതോടെ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് മമ്മൂട്ടിയെ വിളിച്ചു. ഡെന്നിസ് മുമ്പ് കഥ മമ്മൂട്ടിയോട് പറഞ്ഞിരുന്നു.

ഡെന്നിസ് മമ്മൂട്ടിയെ വിളിച്ച് കാര്യം പറഞ്ഞു. അതിനെന്താ ചെയ്യാമെന്ന് മമ്മൂട്ടിയും. എന്നാൽ അടുത്താഴ്ച ഡേറ്റ് വേണമെന്നായി ഡെന്നിസ്. അതിനെന്താ, വരാമെന്ന് മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടി കളിയാക്കിയതാണോ എന്ന് ഡെന്നിസിന് ആശങ്ക തോന്നി. ഒടുവിൽ ജോഷി മമ്മൂട്ടിയെ വിളിച്ചു, എല്ലാം ഒകെയായി. സിനിമ സൂപ്പർ ഹിറ്റുമായി. എന്നാൽ ഈ സിനിമയോടെയാണ് ഡെന്നിസ് ജോസഫും ജോഷിയും തമ്മിൽ അകലുന്നത്.