യുഡിഎഫ് മദ്യനയം വൈകാരിക പ്രതിസന്ധിയിൽ ജനിച്ചത്: ജോണി നെല്ലൂർ

0
161

മദ്യനയത്തിൽ അന്നേ എതിർപ്പ് ശക്തമായിരുന്നു

മനോജ്

തിരുവനന്തപുരം: യുഡിഎഫ് മദ്യനയത്തെക്കുറിച്ച് യുഡിഎഫിൽ അന്ന് തന്നെ എതിർപ്പ് ശക്തമായിരുന്നുവെന്നും തീരുമാനം അതായിരുന്നതിനാൽ എതിർപ്പുകൾ ഉള്ളിൽ ഒതുക്കുകയുമായിരുന്നെന്നും കേരളാ കോൺഗ്രസ് (ജേക്കബ്) വിഭാഗം ചെയർമാനും യുഡിഎഫ് സെക്രട്ടറിയുമായ ജോണി നെല്ലൂർ 24 കേരളയോട് പറഞ്ഞു.

പഠനവും ചർച്ചയും ഇല്ലാത്ത മദ്യനയമായിരുന്നു പ്രഖ്യാപിക്കപ്പെട്ടത്. യുഡിഎഫ് തീരുമാനം ആയതുകൊണ്ടും മുഖ്യമന്ത്രി പ്രഖ്യാപിച്ചതും കൊണ്ടും ഞങ്ങൾ അത് അംഗീകരിച്ചു. എതിർപ്പുകളും, പാളിച്ചകളും ഉള്ള മദ്യനയമായിരുന്നു അത്. ആ മദ്യനയത്തിന്റെ പാളിച്ചകൾ ആണ് യുഡിഎഫിനു ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെടുത്തിയത്.

സുധീരനും, ഉമ്മൻചാണ്ടിയും തമ്മിൽ നിലനിന്നിരുന്ന വടം വലികൾ അന്ന് ശക്തമായിരുന്നു, അതിന്റെ പ്രതിഫലനമായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി പ്രഖ്യാപിച്ച മദ്യനയം. സുധീരൻ അന്ന് ആവശ്യപ്പെട്ടത് 416 ബാറുകൾ തുറക്കരുത് എന്ന് ആവശ്യപ്പെട്ടു. ഞങ്ങൾ 312 ബാറുകൾ തുറക്കണം എന്ന് ആവശ്യപ്പെട്ടു.

തർക്കം മുറുകിയപ്പോൾ പോക്കറ്റിൽ കിടന്ന കുറിപ്പ് എടുത്ത് യുഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഒരൊറ്റ വായിക്കൽ ആയിരുന്നു. അതാണ് അന്ന് പ്രഖ്യാപിക്കപ്പെട്ട മദ്യനയം.  ഒരു ചർച്ചയും കൂടാതെ പാസാക്കപ്പെട്ട മദ്യനയം. അതാണ് അന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. വൈകാരികമായ ഒരു നിമിഷം പ്രഖ്യാപിക്കപ്പെട്ടതാണ് മദ്യനയം. മുഖ്യമന്ത്രി മാധ്യമങ്ങളെ വിളിച്ച് അത് അപ്പോൾ തന്നെ പ്രഖ്യാപിച്ചു.

അന്ന് ഉമ്മൻചാണ്ടി പ്രഖ്യാപിച്ച മദ്യനയം ക്രൈസ്തവ മത നേതാക്കളും, സമുദായനേതാക്കളും എന്ന് ഏറ്റെടുത്തു. പക്ഷേ തിരഞ്ഞെടുപ്പിൽ അത് യുഡിഎഫിനെ തിരിഞ്ഞു കൊത്തി. ആ നയത്തിനു പിന്തുണ പ്രഖ്യാപിച്ച മത നേതൃനേതൃത്വം തിരഞ്ഞെടുപ്പ് വന്നപ്പോൾ ഇടത് പക്ഷത്തിനു അനുകൂലമായ സമീപനം കൈക്കൊണ്ടു. യുഡിഎഫ് അധികാരത്തിൽ നിന്നും താഴെയിറക്കപ്പെടുകയും ചെയ്തു.

തിരഞ്ഞെടുപ്പ് സമയത്ത് തങ്ങൾക്ക് അനുകൂലമായി നിലകൊള്ളും എന്ന് പ്രഖ്യാപിച്ച മതനേതൃത്വം തിരഞ്ഞെടുപ്പ് സമയത്ത് ഇടത് പക്ഷത്തിനു അനുകൂലമായ പരസ്യ സമീപനം കൈക്കൊള്ളുകയായിരുന്നു, ജോണി നെല്ലൂർ പറഞ്ഞു.