രാജി വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പി.ബി.അബ്ദുള്‍ റസാഖ്

0
139

മഞ്ചേശ്വരം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എം.എല്‍.എ. സ്ഥാനം രാജിവയ്ക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സ്ഥലം എം.എല്‍.എയും മുസ്‌ലിം ലീഗ് നേതാവുമായ പി.ബി. അബ്ദുല്‍ റസാഖ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മരിച്ചുപോയവരും സ്ഥലത്തില്ലാതിരുന്നവരും വോട്ടുചെയ്‌തെന്ന ആരോപണം തള്ളിയ അദ്ദേഹം ഇക്കാര്യത്തില്‍ തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും പറഞ്ഞു.

മുസ്ലിം ലീഗിലെ പി.ബി. അബ്ദുല്‍ റസാഖിന്റെ തെഞ്ഞെടുപ്പു റദ്ദാക്കണമെന്നാവശ്യപ്പെട്ടു ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയുടെ ചുവടുപിടിച്ചാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. സ്ഥലത്തില്ലാത്തവരും മരിച്ചവരുമായ 259 പേര്‍ കള്ളവോട്ടു ചെയ്തുവെന്നാണ് ഹര്‍ജിക്കാരനായ സുരേന്ദ്രന്റെ പരാതി. ഈ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. 89 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് അബ്ദുല്‍ റസാഖ് ഇവിടെ ജയിച്ചത്.

മഞ്ചേശ്വരം തെരഞ്ഞെടുപ്പു കേസില്‍ ബി.ജെ.പിയുടേത് ഗീബല്‍സിയന്‍ തന്ത്രമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പ്രതികരിച്ചു. മഞ്ചേശ്വരത്ത് കള്ളവോട്ടു നടന്നെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതായി ബി.ജെ.പി. പ്രചരിപ്പിക്കുന്നത് ഇതിന്റെ ഭാഗമായാണ്. കേസിനെക്കുറിച്ചോ മറ്റു നടപടികളെക്കുറിച്ചോ മുസ്ലിം ലീഗ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.