വണ്ണം കുറയ്ക്കാൻ നോക്കി, ജീവന്‍ തന്നെ പോയി

0
151

വണ്ണം കുറയ്ക്കാൻ ആയുർവേദ ചികിത്സ ചെയ്ത യുവതി മരിച്ചു. ഭാഗ്യശ്രീ (17) എന്ന പെൺകുട്ടിയാണ് മരിച്ചത്. ഈറോഡിലെ ഹെർബോ കെയർ ആയുർവേദ ആശുപത്രിയിലാണ് പെൺകുട്ടി ചികിത്സ തേടിയത്. ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് ഭാഗ്യശ്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലൂടെ വണ്ണം കുറയ്ക്കുമെന്ന ഉറപ്പിലാണ് ഭാഗ്യശ്രീയെ ഈറോഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.

കഴിഞ്ഞ മാസം ചികിത്സയ്ക്ക് ശേഷം ഭാഗ്യശ്രീയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിരുന്നു. ജൂൺ രണ്ടിന് വീണ്ടും എത്തിയപ്പോൾ ആശുപത്രിയിൽ നിന്നും ചില മരുന്നുകൾ നൽകി. എന്നാൽ രണ്ട് ദിവസം മരുന്ന് കഴിച്ച് കഴിഞ്ഞപ്പോൾ ഭാഗ്യശ്രീ തളർന്നു വീണതായും മൂന്ന് വയസുള്ള കുട്ടികളെപ്പോലെ പെരുമാറാൻ തുടങ്ങിയെന്നും ബന്ധുക്കൾ പറഞ്ഞു. ഇതേതുടർന്ന് ഭാഗ്യശ്രീയെ സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഈറോഡിലെ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടത് പ്രകാരം ഭാഗ്യശ്രീയെ വീണ്ടും അവിടെ എത്തിച്ചു.

അവർ ചില മരുന്നുകൾ നൽകിയതിനെ തുടർന്ന് ഭാഗ്യശ്രീ അബോധാവസ്ഥയിലായി. തുടർന്ന് നാല് ദിവസത്തോളം ഭാഗ്യശ്രീയ്ക്ക് ബോധമില്ലായിരുന്നു. ഇതിനിടെ മകളെ നോക്കാൻ ആശുപത്രി അധികൃതരെ ഏൽപ്പിച്ച ശേഷം മാതാപിതാക്കൾ ഒരു കല്യാണ ചടങ്ങിന് പോയിരുന്നു. എന്നാൽ ഇതിനിടെ ഭാഗ്യശ്രീയുടെ ആരോഗ്യനില വീണ്ടും വഷളായി. ഇക്കാര്യം മാതാപിതാക്കളെ അറിയിക്കാതെ ഭാഗ്യശ്രീയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാവിലെ 9 മണിക്ക് വിളിക്കുമ്പോൾ മകൾ പൂർണ ആരോഗ്യവതിയാണെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞിരുന്നത്.

എന്നാൽ ഒരു മണിക്കൂറിന് ശേഷം മകളുടെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള ആംബുലൻസ് വീട്ടുപടിയ്ക്കൽ എത്തുകയായിരുന്നെന്ന് ഭാഗ്യശ്രീയുടെ മാതാപിതാക്കൾ പറഞ്ഞു. മകൾ മരിച്ച വിവരം അറിയിക്കുക പോലും ചെയ്യാതെ മൃതദേഹം വീട്ടിൽ എത്തിച്ച ശേഷം ഹെർബോ കെയർ ആശുപത്രിക്കാർ മുങ്ങുകയായിരുന്നെന്ന് മാതാപിതാക്കൾ പറഞ്ഞു. തുടർന്ന് ബന്ധുക്കൾ ഭാഗ്യശ്രീയുടെ മൃതദേഹം കോയമ്പത്തൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.