വിവാഹം ഉടനെയുണ്ടാകുമെന്ന് ലക്ഷ്മിഗോപാലസ്വാമി

0
246

പ്രണയനൈരാശ്യം മൂലമാണോ വിവാഹം കഴിക്കാത്തതെന്ന് പലരും ലക്ഷ്മിഗോപാലസ്വാമിയോട് ചോദിച്ചിട്ടുണ്ട്. എന്നാൽ പ്രണയം ഉണ്ടായിട്ടില്ലെന്ന് താരം പറഞ്ഞു. വിവാഹ ജീവിതത്തോട് ബഹുമാനമുണ്ട്. തന്നെ മനസിലാക്കുന്ന, കലാജീവിതത്തെ തിരിച്ചറിയുന്ന ഒരാളെ കണ്ടെത്തിയാൽ വിവാഹം ഉടനെയുണ്ടാകും. പിന്നെ വീട്ടിൽ നിന്ന് ഇക്കാര്യത്തിൽ നിർബന്ധം ഉണ്ടായിട്ടില്ലെന്നും താരം പറഞ്ഞു. ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ പലരോടും ആരാധനയും പ്രണയവും തോന്നിയിട്ടുണ്ട്. പക്ഷെ, അതൊക്കെ ഏകപക്ഷീയമായിരിക്കും.

വൾഗറായ വേഷങ്ങളാണ് ഗ്ലാമറെന്ന് ഇൻഡസ്ട്രിയിൽ പലരും വിചാരിക്കുന്നു. പക്ഷെ, മോഡലിംഗ് ചെയ്തപ്പോഴും ചേരുന്ന വേഷങ്ങൾ മാത്രമേ ചെയ്തിട്ടുള്ളെന്ന് താരം ഓർമിച്ചു. ശരീരത്തിനിണങ്ങുന്ന വേഷം നന്നായി ധരിക്കുന്നതാണ് തന്റെ ചിന്തയിൽ ഗ്ലാമർ. കുടുംബ വേഷങ്ങളുമായാണ് മിക്ക സംവിധായകരും സമ്മതിച്ചത്. പരീക്ഷണത്തിന് ആരെങ്കിലും മുതിരുകയാണെങ്കിൽ പൊലീസ് ഓഫീസറുടെ വേഷം ചെയ്യണമെന്നുണ്ട്. ഒരു കന്നഡക്കാരിയായിട്ടും മലയാളികൾ തന്നെ വീട്ടിലെ മകളായി കാണുന്നതിലാണ് ഏറെ സന്തോഷമെന്നും താരം പറഞ്ഞു.

മിനിസ്‌ക്രീനിലെ അഭിനയം മടുത്തെന്നും ലക്ഷ്മിഗോപാലസ്വാമി പറഞ്ഞു. തകധിമി റിയാലിറ്റി ഷോയിൽ ജഡ്ജായി വിനീതും ഗോപികാ വർമയും ഉണ്ടായിരുന്നു. നല്ല പരിപാടിയായിരുന്നു. പിന്നീട് കന്നടയിൽ സീരിയലിൽ അഭിനയിച്ചു. എന്നും കരച്ചിലും പിഴിച്ചിലും പലിച്ച് നീട്ടിയുള്ള എപ്പിസോഡുകളും ആയപ്പോൾ മടുത്തു. പിന്നെ വാക്ക് കൊടുത്തത് കൊണ്ട് ചെയ്തു തീർത്തു. സീരിയലുകൾ മാത്രമല്ല, സീരിയൽ അഭിനയവും വളരെ ബോറാണെന്നും താരം പറഞ്ഞു. പക്ഷെ, സ്ഥിര വരുമാനമായി കാണുന്നവർക്ക് കൊള്ളാമെന്നും താരം പറഞ്ഞു.