ശിവരാജ് സിങ് ചൗഹാനെതിരേ ശിവസേന

0
97

കര്‍ഷക സമരത്തെ തുടര്‍ന്ന് 27 മണിക്കൂര്‍ നിരാഹര സമരം നടത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരേ ശിവസേന രംഗത്ത്. കര്‍ഷക പ്രക്ഷോഭം നടക്കുന്നതിനിടെ സത്യാഗ്രഹം അനുഷ്ഠിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിയെ വിമര്‍ശിച്ച് ശിവസേനയുടെ മുഖപത്രമായ സാന്മയാണ് രംഗത്തുവന്നിരിക്കുന്നത്.

ആദ്യം വെടിയുണ്ട, പിന്നെ നിരാഹാരം എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ മധ്യപ്രദേശിലെ മന്ദ്സൗര്‍ ജില്ലയില്‍ പൊട്ടിപ്പുറപ്പെട്ട കര്‍ഷക പ്രക്ഷോഭത്തെക്കുറിച്ചും മുഖ്യമന്ത്രി സ്വീകരിച്ച നിലപാടുകളെക്കുറിച്ചും വിമര്‍ശനാത്മകമായി വിലയിരുത്തുന്നു. അലസനായ മുഖ്യമന്ത്രിയാണ് ശിവരാജ് സിങ് ചൗഹാനെന്നും കര്‍ഷകര്‍ക്കായി ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാറിന് കഴിയാത്തതുകൊണ്ടാണ് അവിടെ കര്‍ഷക പ്രക്ഷോഭം ഉടലെടുത്തുതെന്നും ലേഖനം പറയുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്രത്തിനെതിരായി സമരത്തിനൊരുങ്ങിയപ്പോള്‍, സമരം ചെയ്യുന്നതിനു പകരം ജനങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ ബി.ജെ.പി. ഉപദേശിച്ചിരുന്നു. എന്നാല്‍, ജനങ്ങളുടെ പ്രശ്നം പരിഹരിക്കാതെ നിരാഹാരമിരിക്കുന്ന ശിവരാജ് സിങ് ചൗഹാനോട് ഇത് പറയാത്തതെന്തെന്നും ശിവസേന ചോദിക്കുന്നു. ആദ്യം വെടിയുതിര്‍ക്കുന്നു, പിന്നെ നിരാഹാരമിരിക്കുന്നു. നിരാഹാരം നടത്തുന്നതിലൂടെ മഹാത്മാഗാന്ധിയുടെ ആശയമാണ് ചൗഹാന്‍ പിന്‍തുടരുന്നത്. നിരാഹാരത്തിലൂടെ എല്ലാവരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമോയെന്നും ലേഖനം ചോദിക്കുന്നു.

ഇതിനിടെ നിരാഹാര സമരം അവസാനിപ്പിച്ച ചൗഹാന്‍ കര്‍ഷകക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മന്ദസേറില്‍ നടന്ന ആക്രമണങ്ങളെക്കുറിച്ച് പഠിച്ച് അന്വേണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കര്‍ഷകരുടെ ഏറ്റവും വലിയ ആവശ്യമായ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന ഉറപ്പ് ശിവ്രാജ്‌സിങ് ചൗഹാന്‍ നല്‍കിയിട്ടില്ല. പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളോട് സംസാരിച്ചെന്നും ഉപവാസം അവസാനിപ്പിക്കാന്‍ അവര്‍ ആവശ്യപ്പെട്ടുമെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്.