സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ തച്ചങ്കരിയെ നിയമിച്ചതെന്ന് ഹൈക്കോടതി

0
90

സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഡി.ജി.പി സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ തച്ചങ്കരിയെ എ.ഡി.ജി.പിയായി നിയമിച്ചതെന്ന് ഹൈക്കോടതി ചോദിച്ചു. വിഷയത്തില്‍ സര്‍ക്കാറിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. വിജിലന്‍സ് അന്വേഷണം നേരിടുന്ന തച്ചങ്കരിയെ സസ്‌പെന്‍ഡ് ചെയ്യണം, പോലീസിലെ കൂട്ടസ്ഥലമാറ്റത്തിനെതിരായ  ഹര്‍ജി എന്നിവ പരിഗണിക്കവേയാണ്‌ കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ടോമിന്‍ തച്ചങ്കരിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഹര്‍ജിയിലുള്ളത്. നിരവധി കേസുകളില്‍ പ്രതിയും ആരോപണങ്ങള്‍ നേരിടുന്ന ആളുമാണ് തച്ചങ്കരിയെന്നും അങ്ങനെയുള്ള ഒരാളെ തന്ത്രപ്രധാന പോസ്റ്റില്‍ ഇരുത്തുന്നത് ശരിയല്ലെന്നും ചൂണ്ടികാട്ടുന്നുണ്ട്. തച്ചങ്കരിക്കെതിരായ ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണ രേഖകളും ഹാജരാക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. തച്ചങ്കരിക്കെതരായി നിലവിലുള്ള കേസുകളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാനും പിണറായി സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

സുപ്രീം കോടതി ഉത്തരവിന്റെ ബലത്തില്‍ ടി.പി. സെന്‍കുമാര്‍ തിരിച്ചെത്തുന്നതിന് മുമ്പായി നടന്ന പോലീസിലെ കൂട്ടസ്ഥലമാറ്റങ്ങളെ കുറിച്ചുള്ള ഹര്‍ജി പരിഗണിക്കവെയാണ് സംസ്ഥാന സര്‍ക്കാരിന് നേരെ സംശയമുന ഉയര്‍ത്തിയുള്ള കോടതി പരാമര്‍ശം.

ടി.പി.സെന്‍കുമാര്‍ പോലീസ് മേധാവിയായി തിരിച്ചെത്തുന്നതിനു മുന്‍പ് സംസ്ഥാന പോലീസില്‍ നടന്ന സ്ഥലംമാറ്റങ്ങളും ടോമിന്‍ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്തെ ഭരണനിര്‍വഹണ ചുമതലയുള്ള എ.ഡി.ജി.പിയായി നിയമിച്ചതും ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

സര്‍ക്കാരിന്റെ വിശദീകരണം കേട്ട ശേഷം കേസില്‍ തുടര്‍നടപടിയുണ്ടാവും.