സൈനിക മേധാവി തെരുവുഗുണ്ട: സോണിയാഗാന്ധി മാപ്പു പറയണമെന്ന് കേന്ദ്രം

0
110

കരസേന മേധാവിയെ തെരുവു ഗുണ്ടെന്നു വിളിച്ച കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയുടെ പേരില്‍ സോണിയാ ഗാന്ധി മാപ്പുപറയണമെന്ന് കേന്ദ്രം. കോണ്‍ഗ്രസ് നിരന്തരം സൈന്യത്തെ പരിഹസിക്കുകയും മനോവീര്യം കെടുത്താന്‍ ശ്രമിക്കുകയാണെന്നും സംഭവത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി മാപ്പു പറയണമെന്നും കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടു.

കരസേനാ മേധാവി തെരുവു ഗുണ്ടകളെപ്പോലെ പ്രസ്താവനകള്‍ നടത്തുന്നതു ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകനുമായ സന്ദീപ് പറഞ്ഞിരുന്നു.

സംഭവത്തെ ഞങ്ങള്‍ അപലപിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വം, സോണിയാ ഗാന്ധി തന്നെ ഇക്കാര്യത്തില്‍ പ്രതികരിക്കുകയും സൈന്യത്തെ അപമാനിക്കുന്ന നേതാക്കളെ തള്ളിപ്പറയുകയും വേണം. സൈന്യത്തിന്റെ ആത്മവീര്യം കെടുത്തുന്ന വാക്കുകള്‍ നാണം കെടുത്തുന്നതാണ്. സൈനിക മേധാവിയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ എന്നെയും എന്റെ പാര്‍ട്ടിയെയും ഞെട്ടിച്ചു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളില്‍ നിന്നാണ് ഇവ വരുന്നത്. അറുപത് വര്‍ഷം രാജ്യം ഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ് നിര്‍മല സീതാരാമന്‍ പറഞ്ഞു.

സംഭവം വിവാദമായതിനെ തുടര്‍ന്ന് സന്ദീപ് ദീക്ഷിത് പിന്നീടു ക്ഷമാപണം നടത്തുകയുണ്ടായി.