ശ്രീവത്സം ഗൂപ്പ്: പ്രതിപക്ഷത്തിനെതിരേ ആരോപണവുമായി സി.പി.ഐ.

0
174

വളരെ ചുരുങ്ങിയ കാലം കൊണ്ട് വളര്‍ന്ന് പടര്‍ന്നു പന്തലിച്ച ശ്രീവത്സം ഗ്രൂപ്പിന് എല്ലാ ഒത്താശയും ചെയ്തു കൊടുത്തത് ഇപ്പോഴത്തെ പതിപക്ഷമാണെന്ന ആരോപണവുമായി സി.പി.ഐ. ഒരു മുന്‍ മന്ത്രിയും അന്യസംസ്ഥാന ബന്ധമുണ്ടായിരുന്ന മറ്റൊരു മന്ത്രിയും ചേര്‍ന്നാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ശ്രീവത്സം ഗ്രൂപ്പിന് സഹായങ്ങള്‍ ചെയ്തുകൊടുത്തത്. ഹരിപ്പാട് ഭൂമി വാങ്ങാന്‍ യു.ഡി.എഫ്. നേതാക്കള്‍ ഒത്താശ ചെയ്തതായും സി.പി.ഐ. ആരോപിക്കുന്നു. നിരവധി ഭൂമി ഇടപാടുകള്‍ക്ക് ഒരു മുന്‍ മന്ത്രി ഇടനിലക്കാരനെപ്പോലെ പ്രവര്‍ത്തിച്ചതായും ഇതേക്കുറിച്ചെല്ലാം സമഗ്ര അന്വേഷണം വേണമെന്നും സി.പി.ഐ. ആവശ്യപ്പെട്ടു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശ്രീവത്സം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധനകള്‍ നടന്നുവരികയാണ്. കണക്കില്‍പെടാത്ത കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ സംബന്ധിച്ച് ആദായനികുതി വകുപ്പിന് ഇതിനകംതന്നെ വിവരം ലഭിച്ചുകഴിഞ്ഞു.

കഴിഞ്ഞ 15 വര്‍ഷത്തിനിടെയാണ് ശ്രീവത്സം ഗ്രൂപ്പ് ഇത്രയേറെ ശക്തി കൈവരിച്ചത്. തൊടുന്ന മേഖലകളിലെല്ലാം വെന്നിക്കൊടി പാറിച്ച അവര്‍ വന്‍ സാമ്പത്തിക കേന്ദ്രമായി മാറുകയായിരുന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണു ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലേറെയും. കേരളത്തില്‍ ആറിടത്തു ജ്വല്ലറികളുണ്ട്. മണിമറ്റം ഫിനാന്‍സ് എന്ന പേരില്‍ ധനകാര്യ സ്ഥാപനവുമുണ്ട്. ഗുരുവായൂരിലെ രാജവത്സം ഹോട്ടല്‍ ഓഡിറ്റോറിയം സമുച്ചയം പ്രധാന സംരംഭമാണ്. പന്തളം, കുളനട, കോന്നി, ഹരിപ്പാട്, വെമ്പായം, തൃശൂര്‍, പൊന്‍കുന്നം, ബെംഗളൂരു, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലാണു പ്രധാന ബിസിനസുകള്‍. വിദ്യാലയങ്ങള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയവയും നടത്തുന്നു. ആറന്മുളയ്ക്കടുത്തുള്ള സ്‌കൂള്‍ ഗ്രൂപ്പിന്റേതാണ്. പത്തനംതിട്ടയില്‍ വസ്ത്രശാലയ്ക്കു കെട്ടിടംപണി അവസാന ഘട്ടത്തിലാണ്. ഗ്രൂപ്പിന്റെ സഹസ്ഥാപനമാണ് ഇരുചക്രവാഹന വിതരണരംഗത്തുള്ള രാജവല്‍സം. 10 ശാഖകളാണ് ആലപ്പുഴ ജില്ലയില്‍ ഈ സ്ഥാപനത്തിനുള്ളത്. കൊല്ലം നഗരത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് അടച്ചുപൂട്ടിയ ധനകാര്യ സ്ഥാപനം കടബാധ്യതയെ തുടര്‍ന്നു ബാങ്ക് ജപ്തി ചെയ്തു ലേലത്തിനു വച്ചപ്പോള്‍ മൂന്നര കോടിയോളം രൂപയ്ക്ക് അതു വാങ്ങിയതു ശ്രീവത്സം ഗ്രൂപ്പാണെന്ന് ആദായ നികുതി വകുപ്പിനു തെളിവു ലഭിച്ചതായി പറയുന്നു. മുന്‍പും പരിശോധനകള്‍ നടന്നിട്ടുണ്ടെങ്കിലും ശ്രീവത്സം ഗ്രൂപ്പിനെതിരേ കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ല. രാജ്യത്താകമാനം കള്ളപ്പണക്കാര്‍ക്കെതിരേ നടക്കുന്ന നടപടികളുടെ ഭാഗമായാണ് ഇപ്പോഴത്തെ നടപടിയെന്നാണ് കരുതുന്നത്. കള്ളപ്പണം വെളിപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി ശ്രീവത്സം ഗ്രൂപ്പ് 50 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയതായും ഇനി 100 കോടി രൂപയുടെ കള്ളപ്പണംകൂടി വെളിപ്പെടുത്താനുണ്ടെന്ന് ആദായനികുതി വകുപ്പിനെ അവര്‍ അറിയിച്ചിരുന്നതായും പറയുന്നു.

കുളനടയിലെ സാധാരണ കുടുംബത്തില്‍നിന്നു തൊഴില്‍ തേടി നാഗാലാന്‍ഡില്‍ പോയ എം.കെ.ആര്‍.പിള്ളയാണ് ശ്രീവത്സം ഗൂപ്പിന്റെ തലവന്‍. എങ്ങനെയാണ് പിള്ളയുടെ വളര്‍ച്ചയെന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം ആര്‍ക്കുമില്ല. നാഗാ പോലീസില്‍ കാണ്‍സ്റ്റബിളായി തുടങ്ങി അഡീഷനല്‍ എസ്.പി. വരെയായി വിരമിച്ച പിള്ള അവിടെ ഭരണനേതൃത്വത്തില്‍ ഉള്ളവര്‍ക്കുപോലും പിള്ളസാറാണ്. വന്‍ സമ്പത്ത് ഉണ്ടെന്ന് അറിയാമെങ്കിലും ബിസിനസ് രീതിയെക്കുറിച്ചു നാഗാലാന്‍ഡിലെ മലയാളികള്‍ക്കു കാര്യമായ വിവരമില്ല.

ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ബെനാമിയായി പ്രവര്‍ത്തിച്ചതാകാം വന്‍തോതില്‍ സ്വത്ത് പിള്ളയിലേക്ക് എത്തുന്നതിനു കാരണമായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. നാഗാലാന്‍ഡിലെ കരാറുകള്‍ അവിടെയുള്ളവരെക്കൊണ്ടു മാത്രമേ ചെയ്യിക്കാവൂ എന്നു നിയമമുള്ളതിനാല്‍, കൊഹിമ സ്വദേശിയെ ബെനാമിയാക്കി ഫണ്ടുകള്‍ വകമാറ്റിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. വന്‍തോതില്‍ കേന്ദ്ര ഫണ്ടുകള്‍ കൈമാറ്റം ചെയ്യപ്പെടുന്ന സംസ്ഥാനമായതിനാല്‍ അത്തരത്തിലുള്ള ഫണ്ടുകളില്‍ വെട്ടിപ്പ് നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും ആദായനികുതി വകുപ്പിന്റെ അന്വേഷണ പരിധിയിലുണ്ട്.