അപകടം നടന്നത് അറിഞ്ഞില്ലെന്ന് കപ്പല്‍ ജീവനക്കാര്‍; അപകട സമയത്ത് കപ്പല്‍ നിയന്ത്രിച്ചത് സെക്കന്‍ഡ് ഓഫീസര്‍

0
123

കപ്പല്‍ ബോട്ടിലിടിച്ച് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കപ്പല്‍ നിയന്ത്രിച്ചിരുന്നത് സെക്കന്‍ഡ് ഓഫീസറായിരുന്നുവെന്ന് കപ്പലിലെ രേഖകള്‍. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ കപ്പലിലെ രേഖകള്‍ പരിശോധിക്കാന്‍ പോലീസ് കോടതിയില്‍ നിന്ന് അനുമതി തേടും.

സംഭവവുമായി ബന്ധപ്പെട്ട് മനപ്പൂര്‍വമായ നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ഇതുവരെയും ആരെയും പ്രതിചേര്‍ത്തിട്ടില്ല. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും പ്രതിചേര്‍ക്കല്‍ നടപടിയുണ്ടാകുക. മെര്‍ച്ചന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്മെന്റ് (എം.എ.ഡി.) അധികൃതരും കോസ്റ്റല്‍ പോലീസും കപ്പലിലെ പരിശോധന പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഈ പരിശോധനയിലാണ് രാത്രി 12 മുതല്‍ രാവിലെ നാലുവരെ കപ്പലിന്റെ നിയന്ത്രണം സെക്കന്‍ഡ് ഓഫീസര്‍ക്കായിരുന്നുവെന്ന് കണ്ടെത്തിയത്.

പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം സംഭവിച്ചത്. അതുകൊണ്ട് തന്നെ ക്യാപ്റ്റനൊപ്പം സെക്കന്‍ഡ് ഓഫീസറും കേസില്‍ പ്രതിയാകുമെന്നാണ് സൂചന. അപകടം നടന്നത് തങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന നിലപാടിലാണ് കപ്പലിലെ ക്യാപ്റ്റനടക്കമുള്ള ഉദ്യോഗസ്ഥര്‍. 187 മീറ്റര്‍ നീളമുള്ള കപ്പലാണ്. അതുകൊണ്ടുതന്നെ അപകടം അറിഞ്ഞിട്ടില്ല എന്ന വാദം പോലീസ് മുഖവിലക്കെടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ വോയിസ് ഡേറ്റാ റെക്കോര്‍ഡല്‍ പരിശോധിക്കേണ്ടതുണ്ട്. അതേസമയം അപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളിക്കുവേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരുകയാണ്.