ഉത്തര്‍പ്രദേശില്‍ വന്‍ ബാങ്ക് കവര്‍ച്ച

0
103

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വന്‍ കവര്‍ച്ച. 30 ലോക്കറുകളില്‍ സൂക്ഷിച്ചിരുന്ന കോടിക്കണക്കിനു രൂപ വിലവരുന്ന സ്വര്‍ണവും പണവും അടക്കം മോഷ്ടിക്കപ്പെട്ടു. ബാങ്ക് ലോക്കറിന്റെ ഭിത്തി തുരന്നാണ് കവര്‍ച്ച നടത്തിയത്. മോദിനഗറില്‍ ദേശീയപാത 58ല്‍ സ്ഥിതി ചെയ്യുന്ന ബാങ്ക് രണ്ടു ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്ച തുറന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ശനിയാഴ്ചയോ ഞായറാഴ്ചയോ ആയിരിക്കാം മോഷണം നടന്നതെന്ന് കരുതുന്നു.

ദേശീയപാതയ്ക്ക് സമീപത്ത് പ്രവര്‍ത്തിക്കാതെ കിടക്കുന്ന റബര്‍ ഫാക്ടറിക്ക് സമീപമാണ് ബാങ്ക് സ്ഥിതി ചെയ്യുന്നത്. വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്കാണ് സ്‌ട്രോംഗ് റൂം പൂട്ടിയത്. രണ്ടു ദിവസം അവധി ആയതിനാല്‍ ബാങ്ക് പ്രവര്‍ത്തിച്ചിരുന്നില്ല. ബാങ്കിന്റെ സ്‌ട്രോംഗ് റൂമിന് പിന്നിലായി ഒഴിഞ്ഞ് കിടക്കുന്ന ഓഫീസ് റൂമിന്റെ ഒമ്പത് ഇഞ്ചോളം കനത്തിലുള്ള ചുമരില്‍ രണ്ടടി വലിപ്പത്തില്‍ ദ്വാരം ഉണ്ടാക്കിയ ശേഷമാണ് മോഷ്ടാക്കള്‍ ബാങ്കിനകത്ത് കടന്നത്. ചുമര് അവസാനിക്കുന്നിടത്താണ് ലോക്കറിന്റെ സ്ഥാനവും. ഇത് മോഷ്ടാക്കള്‍ക്ക് ജോലി എളുപ്പമാക്കി. തുടര്‍ന്ന് മുപ്പതോളം ലോക്കറുകള്‍ മോഷ്ടാക്കള്‍ തകര്‍ത്തു.

മോഷണം നടന്നാല്‍ അറിയുന്നതിന് അലാറവും സി.സി.ടി.വിയും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബാങ്കില്‍ സുരക്ഷാ ജീവനക്കാര്‍ ഇല്ലാതിരുന്നതിനാല്‍ അലാറം മുഴങ്ങിയത് ആരും കേട്ടതുമില്ലെന്നു കരുതുന്നു. ബാങ്കില്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കാതിരുന്നതും മോഷ്ടാക്കള്‍ക്ക് അനുഗ്രഹമായി. 435 ലോക്കറുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 96 എണ്ണം ഉപയോഗിക്കാതെ കിടക്കുന്നു. സ്‌ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന ഇരട്ടക്കുഴല്‍ തോക്കും മോഷ്ടാക്കള്‍ കൊണ്ടുപോയി. എന്നാല്‍, സമീപത്തുണ്ടായിരുന്ന ബാങ്കില്‍ റിസര്‍വ് പണം സൂക്ഷിക്കുന്ന പെട്ടി മോഷ്ടാക്കള്‍ എടുത്തിട്ടില്ല.