എം.എല്‍.എമാര്‍ക്ക് ആറ് കോടി വീതം: സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഡി.എം.കെ. കോടതിയില്‍

0
93

എം.എല്‍.എമാരെ ഒപ്പം നിര്‍ത്താന്‍ എ.ഐ.എ.ഡി.എം.കെ. അധ്യക്ഷ ശശികല ആറ് കോടി രൂപ വീതം നല്‍കിയെന്ന ഒളികാമറാ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ഡി.എം.കെ. കോടതിയെ സമീപിച്ചു. എം.എല്‍.എമാര്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ഇടപെടണമെന്നും സി.ബി.ഐ. അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഡി.എം.കെ. മദ്രാസ് ഹൈക്കോടതിയെ ആണ് സമീപിച്ചത്. കേസ് വെള്ളിയാഴ്ച പരിഗണിക്കും.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും പരാതി നല്‍കുമെന്നും ഡി.എം.കെ. നേതാവ് എം.കെ.സ്റ്റാലിന്‍ പറഞ്ഞു.

വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ഡി.എം.കെയുടെ തീരുമാനം. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി ഡിഎംകെയുടെ ഉന്നതതല യോഗം അണ്ണാ അറിവാലയത്ത് ചേരും. ടി.ടി.വി ദിനകരനും ഒപ്പം നില്‍ക്കുന്ന 33 എം.എല്‍.എമാരും മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. രണ്ടില ചിഹ്നത്തിന് കോഴ നല്‍കിയ കേസില്‍ കുടുങ്ങിയതിനു ശേഷം ആദ്യമായാണ് ദിനകരനും പളനിസാമിയും കൂടിക്കാഴ്ച നടത്തുന്നത്.

എടപ്പാടി പളനിസാമി സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാന്‍ എ.ഐ.എ.ഡി.എം.കെ. (അമ്മ) ജനറല്‍ സെക്രട്ടറി ശശികലയും സംഘവും കോഴ നല്‍കിയെന്ന് എംഎല്‍എമാര്‍ സമ്മതിക്കുന്ന ഒളിക്യാമറാ ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. സൂളൂര്‍ എം.എല്‍.എ. ആര്‍.കനകരാജ്, മധുര സൗത്ത് എം.എല്‍.എ. എസ്.എസ്.ശരവണന്‍ എന്നിവരാണു ചാനലിനോട് വെളിപ്പെടുത്തല്‍ നടത്തിയത്.
എടപ്പാടി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിനു തനി അരസ്, കരുണാസ്, തമീമുല്‍ അന്‍സാരി എന്നീ എം.എല്‍.എമാര്‍ 10 കോടി രൂപ വാങ്ങിയെന്നാണ് ശരവണന്‍ സമ്മതിക്കുന്നത്.