തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് ടെലിവിഷന്‍ ചാനലിന്റെ ഒളികാമറാ ഓപ്പറേഷന്. എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശശികലക്കൊപ്പം നില്ക്കുന്ന പളനിസ്വാമിയെ മുഖ്യമന്ത്രിയായി നിലനിര്‍ത്താന്‍ അനുകൂലമായി വോട്ട് ചെയ്യുന്നതിന് ശശികലയും സംഘവും കോഴ നല്‍കിയെന്നാണ് എം.എല്‍.എമാര്‍ ഒളികാമറാ ഓപ്പറേഷനില്‍ വെളിപ്പെടുത്തിയത്.
സൂളൂര്‍ എം.എല്‍.എ. ആര്.കനകരാജ്, മധുര സൗത്ത് എം.എല്‍.എ. എസ്.എസ്.ശരവണന് എന്നിവരാണു സര്‍ക്കാരിന്റെ നിലനില്പ് തന്നെ പ്രതിസന്ധിയിലാക്കുന്ന നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. എടപ്പാടി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിനു തനി അരസ്, കരുണാസ്, തമീമുല്‍ അന്‍സാരി എന്നീ എം.എല്‍.എമാര്‍ 10 കോടി രൂപ വാങ്ങിയെന്നു ശരവണന് ക്യാമറയില്‍ സമ്മതിക്കുന്നു. സഖ്യകക്ഷി നേതാക്കളായ ഇവര്‍ എ.ഐ.എ.ഡി.എം.കെ. ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ചവരാണ്. എം.എല്‍.എമാരെ പാര്‍പ്പിച്ചിരുന്ന കൂവത്തൂര്‍ റിസോര്‍ട്ടില്‍ നിന്നു സാഹസികമായി ചാടി രക്ഷപ്പെട്ടു പനീര്‍സെല്‍വത്തോടൊപ്പം ചേര്‍ന്ന എം.എല്‍.എയാണു ശരവണന്. കനകരാജ് എടപ്പാടി പക്ഷത്താണ്. ഒപ്പം ചേരാന്‍ പനീര്‍സെല്‍വം എം.എല്‍.എമാര്‍ക്ക് ഒരു കോടി വാഗ്ദാനം ചെയ്തെന്നു ശരവണന് സമ്മതിക്കുന്നു. ‘ശശികല സംഘം ആറു കോടി വീതമാണ് എം.എല്‍.എമാര്‍ക്കു നല്‍കിയത്. പിന്നീട് ഇതിനു തുല്യമായ സ്വര്‍ണം നല്കി. കിട്ടാതെ വന്ന ചിലരാണു മറുപക്ഷത്തേക്കു പോയത്. തനിക്കൊപ്പം പോന്നാല്‍ മന്ത്രിസ്ഥാനം നല്‍കാമെന്ന് പനീര്‍സെല്‍വം പറഞ്ഞു. കൂവത്തൂര്‍ റിസോര്‍ട്ടില്‍ മദ്യം സുലഭമായി ഒഴുകി’ എന്നിങ്ങനെ വെളിപ്പെടുത്തല്‍ തുടരുന്നു.
രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനാകാതെ ഉഴലുന്ന തമിഴ്നാട്ടില്‍ പുതിയ വെളിപ്പെടുത്തലുകള്‍ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും.