കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിക്കാന്‍ പ്രതിപക്ഷം ഭാരത് ബന്ദിന്

0
178

കര്‍ഷക പ്രക്ഷോഭം രാജ്യത്താകമാനം കത്തിപ്പടരുന്ന സാഹചര്യത്തില്‍ പ്രതിഷേധിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്യാന്‍ ആലോചിക്കുന്നു. ഇതിനിടെ കര്‍ഷകപ്രക്ഷോഭം കത്തിപ്പടരുന്ന മധ്യപ്രദേശില്‍ 24 മണിക്കൂറിനിടെ മൂന്നു കര്‍ഷകര്‍ ആത്മഹത്യ ചെയ്തതു.

ഹൊസങ്കബാദിലും മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്റെ ജന്മനാടായ സിയോഹറിലുമാണ് കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിനിടെ മന്‍സോറിലെ കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാനെത്തിയ ഗുജറാത്തിലെ പട്ടേല്‍ സംവരണ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍, കോണ്‍ഗ്രസ് നേതാവും എം.പിയുമായ ജ്യോതിരാദിത്യ സിന്ധ്യ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.

കര്‍ഷകരെ സഹായിക്കാന്‍ ശിവ്രാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് ജ്യോതിരാദിത്യ സിന്ധ്യയുടെ 72 മണിക്കൂര്‍ സത്യാഗ്രഹം നാളെ തുടങ്ങും. അതേസമയം, മന്‍സോറില്‍ പ്രതിഷേധങ്ങള്‍ക്കിടെ വെടിയേറ്റുമരിച്ച കര്‍ഷകരുടെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍ ബുധനാഴ്ച കാണും.

അഞ്ചു കര്‍ഷകര്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് കര്‍ഷകസമരം അക്രമാസക്തമായത്. പ്രക്ഷോഭം പടര്‍ന്നതോടെ സമാധാനം തിരികെ കൊണ്ടുവരുന്നതിനായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നിരാഹരം നടത്തുകയും ചെയ്തിരുന്നു.

മധ്യപ്രദേശിലെ സമരം മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് സമരത്തിന്റെ ഭാഗമായി മാറുന്നതിനായി ഭാരത് ബന്ദ് ആഹ്വാനം ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആലോചിക്കുന്നത്.