കശാപ്പ് നിയന്ത്രണം: ആശയക്കുഴപ്പം ഒഴിവാക്കാന്‍ ഉത്തരവില്‍ ഉടന്‍ ഭേദഗതിയെന്ന് കേന്ദ്രം

0
85

കശാപ്പിന് കന്നുകാലി വില്‍പന നിരോധിച്ച വിജ്ഞാപനത്തിലുള്ള ആശയക്കുഴപ്പം ഒഴിവാക്കാനായി ഉടന്‍ ഭേദഗതി വരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. സംശയങ്ങള്‍ തീര്‍ത്ത് അന്തിമ വിജ്ഞാപനത്തില്‍ തിരുത്തലുകള്‍ വരുത്തും. ജനങ്ങളുടെ ആശങ്ക ദൂരീകരിക്കും വിധമാകും മാറ്റമെന്നും കേന്ദ്ര വനംപരിസ്ഥിതിമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വിജ്ഞാപനത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

വ്യവസായികളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും വിവിധ എന്‍.ജി.ഒകളില്‍ നിന്നും ലഭിച്ച പരാതികള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നടപടി ഫാസിസമാണെന്ന പ്രതിപക്ഷത്തിന്റെ പ്രസ്താവനയെ മന്ത്രി തള്ളി. ആരുടെയും ഭക്ഷണക്രമത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്നും കശാപ്പ് വ്യവസായത്തെ മോശമായി ബാധിക്കണമെന്ന ഉദ്ദേശമില്ലെന്നും മന്ത്രി പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഫാസിസമെന്ന വാക്ക് ഏറെ വര്‍ഷങ്ങളായി കേള്‍ക്കുന്നു. ഈ രാജ്യത്തെ ആത്മാര്‍ഥമായി സേവിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും ഹര്‍ഷവര്‍ധന്‍ അവകാശപ്പെട്ടു.