കെ.സുരേന്ദ്രന്‍ പരേതനാക്കിയ മഞ്ചേശ്വരത്തെ വോട്ടര്‍ കോടതിയുടെ സമണ്‍സ് കൈപ്പറ്റി

0
198

കേരളത്തിലെ ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും ചിന്തിക്കുന്നതുപോലെ മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കേസില്‍ പരാജയപ്പെട്ട് മുസ്ലിം ലീഗ് എം.എല്‍.എയെ കോടതി അയോഗ്യനാക്കുമ്പോള്‍ തങ്ങള്‍ക്ക് അനായാസം ഒരു എം.എല്‍.എയെക്കൂടി കേരളത്തില്‍ നേടിയെടുക്കാനാകുമെന്നത് വെറും വ്യാമോഹം. മഞ്ചേശ്വരത്ത്‌ 3000 കള്ളവോട്ട് നടന്നുവെന്നും അതില്‍ 299 വോട്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ മാത്രമേ കോടതിയില്‍ നല്‍കിയിട്ടുള്ളൂ എന്നുമാണ് കെ.സുരേന്ദ്രന്‍ അവകാശപ്പെട്ടത്. എന്നാല്‍ കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മരിച്ചവരുടെ പട്ടികയിലുള്ള വോട്ടര്‍ കോടതിയില്‍നിന്നുള്ള സമണ്‍സ് കൈയോടെ വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് വോര്‍ക്കാടി പഞ്ചായത്തിലെ ബാക്രബയല്‍ സ്വദേശി അഹ്മദ് കുഞ്ഞിയാണ് കോടതിയില്‍ നിന്നുള്ള സമണ്‍സ് നേരിട്ട് കൈപ്പറ്റിയത്. പരേതന്‍ വോട്ട് രേഖപ്പെടുത്തിയെന്ന് ആരോപിച്ച് കെ സുരേന്ദ്രന്‍ ഹയല്‍ ചെയ്ത കേസിലാണ് ഹൈക്കോടതി അഹ്മദ് കുഞ്ഞിക്ക് സമന്‍സ് അയച്ചത്. അഹമ്മദ് കുഞ്ഞിയോട് ജൂണ്‍ 15ന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ പേരു വന്നതു മുതലുള്ള എല്ലാ തെരഞ്ഞെടുപ്പിലും താന്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇനി മരിക്കുന്നതുവരെ വോട്ട് ചെയ്യുമെന്നും അഹ്മദ് കുഞ്ഞി മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് സമയത്ത് വിദേശത്തായിരുന്നു എന്നു കെ.സുരേന്ദ്രന്‍ കോടതിയില്‍ വാദിച്ച, അനസ് ഇതുവരെ വിദേശ യാത്ര നടത്തിയിട്ടില്ലെന്ന് പാസ്‌പോര്‍ട്ട് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നായും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാകാന്‍ അയച്ച സമണ്‍സ് ഇയാളും കൈപ്പറ്റിയിട്ടുണ്ട്. ഗള്‍ഫിലായിരുന്ന അനസ് വോട്ട് രേഖപ്പെടുത്തിയെന്നാണ് കെ.സുരേന്ദ്രന്‍ പരാതിയില്‍ പറയുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത്‌ മുസ്ലിം ലീഗിന്റെ പി.ബി.അബ്ദുള്‍ റസാഖ് വെറും 89 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സുരേന്ദ്രന്‍ റീ കൗണ്ടിങ് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്. മരിച്ചവരുടെ ഡെത്ത് സര്‍ട്ടിഫിക്കറ്റ്, വിദേശത്തുണ്ടായിരുന്നവരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ എന്നിവ സുരേന്ദ്രന്‍ കാടതിയില്‍ ഹാജരാക്കിയിരുന്നു. വളരെ ആസൂത്രിതമായ തെരഞ്ഞെടുപ്പ് അട്ടിമറിയായിരുന്നു എന്നും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ ഒരു നിയമ യുദ്ധമായിരിക്കും ഇതെന്നുമെല്ലാം സുരേന്ദ്രന്‍ വീമ്പിളിക്കിയിരുന്നു. എന്നാല്‍ കേസിന്റെ തുടക്കത്തില്‍തന്നെ വോട്ട് ചെയ്ത മരിച്ചയാള്‍ കോടതിയുടെ സമണ്‍സ് കൈപ്പറ്റിയിരിക്കുന്നത് സുരേന്ദ്രനും ബി.ജെ.പിക്കും തിരിച്ചടിയാണ്.