കൊച്ചി മെട്രോ ഉദ്ഘാടനം ശനിയാഴ്ച

0
122

കൊച്ചി മെട്രോയുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം കെഎംആർഎല്ലിനെ അറിയിച്ചത്. ഉദ്ഘാടന സമയവും മെട്രോയിലെ യാത്രയുടെ സമയവും തീരുമാനിച്ചുള്ള അറിയിപ്പ് ഇന്നലെ വൈകിട്ടാണ് ലഭിച്ചത്. രാവിലെ 10.35ന് പാലാരിവട്ടം മെട്രോ സ്‌റ്റേഷനിൽ എത്തുന്ന പ്രധാനമന്ത്രി അവിടെനിന്നും പത്തടിപ്പാലം വരെയും തിരിച്ചു പാലാരിവട്ടം വരെയും യാത്ര ചെയ്യും. തുടർന്ന് കലൂർ ഇന്റർ നാഷണൽ സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ്.

യാത്രയിൽ പ്രധാനമന്ത്രിയോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ, കെ.വി. തോമസ് എംപി, കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഏലിയാസ് ജോർജ് എന്നിവരുമുണ്ടാകും.

പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നതിന് ഇന്ന് ഉന്നതതല യോഗം ചേരും. വെല്ലിംഗ്ടൺ ഐലന്റിലെ നാവിക വിമാനത്താവളത്തിൽ പ്രധാനമന്ത്രി എത്തുമെന്നാണ് അറിയുന്നത്. 3500 പേരാണ് ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടക്കുന്ന  ഉദ്ഘാടന ചടങ്ങിൽ പ്രത്യേക ക്ഷണിതാക്കളായി എത്തുക.