ഖത്തറിലേക്കുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വ്യോമപരിധി വിലക്കില്‍ വ്യക്തതയുമായി സൗദി അറേബ്യയും മറ്റു രാജ്യങ്ങളും. ഗള്‍ഫ് അറബ് രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വ്യോമ ഉപരോധം മറ്റ് രാജ്യാന്തര വിമാന കമ്പനികള്‍ക്ക് ബാധകമല്ലെന്ന് യു.എ.ഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. ഖത്തറിലെ വിമാന കമ്പനികള്‍ക്കും ഖത്തറില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്കും മാത്രമാണ് നിരോധനമെന്നും അതോറിറ്റി അറിയിച്ചു. സൗദി അറേബ്യയും ബഹറിനും സമാനമായ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ചെയ്യുന്നു എന്നാരോപിച്ച് ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വിച്ഛദിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ ഖത്തറിലേക്കുള്ള വിമാനങ്ങള്‍ പറക്കുന്നത് ഗള്‍ഫ് രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ വിലക്കിലാണ് ഇപ്പോള്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.
അറബ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ വ്യോമ ഉപരോധം നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്രസഭ വ്യോമയാന ഏജന്‍സിയോട് ഖത്തര്‍ എയര്‍വേസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍കൂടിയാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.
എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളും ഖത്തറുമായുള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് ക്രിയാത്മകമായ നിര്‍ദേശങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. അങ്ങനെയെങ്കില്‍ എങ്ങനെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനവുമുണ്ടായിട്ടില്ല.