ഗോള്‍ മഴ തീര്‍ത്ത്‌ ബ്രസീലും അര്‍ജന്റീനയും

0
133

മെസ്സിയും നെയ്മാറും ഇല്ലാതെ ഇരുന്നിട്ടും അര്‍ജന്റീനയും ബ്രസീലും അന്താരാഷ്‌ട്ര സൗഹൃദ മത്സരങ്ങളില്‍ ഗോള്‍ മഴ തീര്‍ത്തു .അർജന്റീന മടക്കമില്ലാത്ത ആറു ഗോളിന് സിംഗപ്പൂരിനെയും ബ്രസീൽ മടക്കമില്ലാത്ത നാല് ഗോളിന് ഓസ്ട്രേലിയയെയുമാണ് തകർത്തത്.

സൂപ്പർതാരം ലയണൽ കളിക്കാതിരുന്നിട്ടും ഗോളടിയിൽ ഒട്ടും പിറകെപ്പോയില്ല അർജന്റീന. പകുതി സമയത്ത് രണ്ട് ഗോളിന്റെ മാത്രം ലീഡുണ്ടായിരുന്നവർ രണ്ടാം പകുതിയിലാണ് ഗോൾവർഷം നടത്തിയത്. ഇരുപത്തിയഞ്ചാം മിനിറ്റിൽ ഫാസിയോയാണ് സ്‌കോറിങ്ങിന് തുടക്കം കുറിച്ചത്. 31-ാം മിനറ്റിൽ ഫാസിയോ തന്നെയാണ് ലീഡുയർത്തിയത്. 60-ാം മിനിറ്റിൽ ഗോമസും 74-ാം മിനിറ്റിൽ പരെഡെസും 90-ാം മിനിറ്റിൽ ഡി മാരിയോയും ഇഞ്ചുറി ടൈമിൽ അലാരിയോയും പട്ടിക തികച്ചു.കഴിഞ്ഞയാഴ്ച ബ്രസീലിനെതിരെ നടന്ന സൂപ്പർ ക്ലാസിക്കോ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീന വിജയിച്ചിരുന്നു. പുതിയ കോച്ച് സാംപോളി ചുമതലയേറ്റശേഷമുള്ള അർജന്റീനയുടെ രണ്ടാം ജയമാണിത്.

കളി തുടങ്ങി പന്ത്രണ്ടാം സെക്കൻഡിൽ തന്നെ ലക്ഷ്യം കണ്ട് ഓസ്ട്രേലിയയെ ഞെട്ടിച്ചുകൊണ്ടായിരുന്നു ബ്രസീലിന്റെ തുടക്കം. ഡി സൂസയായിരുന്നു സ്‌കോറർ. തൊണ്ണൂറാം മിനിറ്റിൽ ലക്ഷ്യം കണ്ട് ബ്രസീലിന്റെ ഗോൾപട്ടിക പൂർത്തിയാക്കിയതും ഡിസൂസ തന്നെ. തിയാഗോ സിൽവയും (62), ടൈസണും (75) ആണ് മറ്റ് സ്‌കോറർമാർ. നെയ്മറെ കൂടാതെയാണ് ബ്രസീൽ കളിച്ചത്. കുടിന്യോയാണ് ബ്രസീലിനെ നയിച്ചത്. ടിറ്റെ മാനേജരായി ചുമതലയേറ്റശേഷം ക്യാപ്റ്റന്റെ ചുമതല ലഭിക്കുന്ന ഒൻപതാമത്തെ താരമാണ് കുടിന്യോ.