ജിഷ്ണു കേസ്: സി.ബി.ഐ. അന്വേഷണത്തെ അനുകൂലിച്ച് മുഖ്യമന്ത്രി

0
96

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ. അന്വേഷണം വേണമെന്നുതന്നെയാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സി.ബി.ഐ. അന്വേഷണം വേണമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു.

ബോംബേറ് നടന്ന സി.പി.എം. കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതില്‍ നിയമതടസങ്ങളില്ല. ഇക്കാര്യം ഡി.ജി.പിയേയും ജിഷ്ണുവിന്റെ പിതാവിനേയും അറിയിച്ചിട്ടുണ്ട്.

ജിഷ്ണുവിന്റെ പിതാവ് കത്ത് നല്‍കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഈ ആവശ്യം നേരത്തെ അവര്‍ ഡി.ജി.പിയേയും നേരിട്ട് കണ്ട് ഉന്നയിച്ചിരുന്നു. അവരുടെ ആവശ്യം അങ്ങനെയാണെങ്കില്‍ അന്ന് തന്നെ കേസ് സിബിഐക്ക് വിടാന്‍ താന്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

ജിഷ്ണുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ജിഷ്ണുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് അവര്‍ പരാതിയും നല്‍കിയിരുന്നു. ചൊവ്വാഴ്ച കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് ജിഷ്ണുവിന്റെ പിതാവ് സി.ബി.ഐക്ക് അന്വേഷണം വിടണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു.

അതേസമയം കോഴിക്കോട് സി.പി.എം. ജില്ലാ കമ്മറ്റി ഓഫീസ് ആക്രമിച്ചവരുടെ ലക്ഷ്യം ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്ററെ വധിക്കുകയെന്നതായിരുന്നെന്ന് പിണറായി പറഞ്ഞു.