തദ്ദേശസ്ഥാപനങ്ങൾ മാലിന്യ നിർമാർജനത്തിന് നടപടി സ്വീകരിക്കണം: മുഖ്യമന്ത്രി

0
122

ആരോഗ്യകേരളം പുരസ്‌കാരങ്ങൾ മുഖ്യമന്ത്രി വിതരണം ചെയ്തു

ആരോഗ്യകേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങൾ നടത്തിയ ഇടപെടലുകൾ അഭിനന്ദനാർഹമായിരുന്നുവെങ്കിലും പലസ്ഥലങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളിൽ തൃപ്തികരമായ ഇടപെടലുകൾ ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചില സ്ഥലങ്ങളിൽ മികച്ച രീതിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. മറ്റ് ചിലർ ഒന്നും ചെയ്തില്ല. മികച്ച ആരോഗ്യ പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുളള ആരോഗ്യകേരളം പുരസ്‌കാരങ്ങൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാലിന്യം നിറഞ്ഞ സ്ഥലങ്ങളിലൂടെ സഞ്ചരിക്കാൻ വിധിക്കപ്പെട്ട ജനപ്രതിനിധികൾ മാലിന്യകൂമ്പാരങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണ്.

എല്ലാ തദ്ദേശ സ്ഥാപനങ്ങളും മാലിന്യനിർമാർജനത്തിൽ പൂർണപരാജയമാണെന്ന് പറയുന്നില്ല. പക്ഷേ നന്നായി പ്രവർത്തിച്ച സ്ഥാപനങ്ങളുടെ പ്രവർത്തനമികവിന്റെ ശോഭ കെടുത്തുകയാണ് മറ്റുളളവർ. നാടിന്റെ മുക്കുംമൂലയും വൃത്തിയായിരിക്കുക പരമപ്രധാനമാണ്. അതിന് ജനപ്രതിനിധികളുടെ ഇടപെടലുകൾ അത്യാവശ്യമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാന ലക്ഷ്യം ശുചിത്വവത്കരണമായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശുചിത്വവത്കരണവുമായി ബന്ധപ്പെട്ട് കേരളത്തിൽ ധാരാളം പരിപാടികൾ നടക്കുന്നുണ്ട്. എന്നാൽ ചിലർ ഒന്നും ശ്രദ്ധിക്കുന്നില്ല. ഈ കുറവ് പരിഹരിക്കാൻ ശ്രമമുണ്ടാവണമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനാധികാരികൾ ഇക്കാര്യങ്ങൾക്ക് നേതൃത്വം നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വരും നാളുകളിൽ പകർച്ച വ്യാധികൾക്കെതിരെ എന്തൊക്കെ ചെയ്യണമെന്ന് കഴിഞ്ഞ ജനുവരിയിൽ തന്നെ വ്യക്തമായ നിർദേശങ്ങൾ താഴെത്തട്ടിലേയ്ക്ക് നൽകിയിരുന്നുവെന്നും ഈ നിർദ്ദേശങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കിയ സ്ഥലങ്ങളിൽ ഡെങ്കിപ്പനി പോലുളള പകർച്ചവ്യാധികൾ ഉണ്ടായിട്ടില്ലെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ, കുടുംബക്ഷേമ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ആരോഗ്യകേരളം പുരസ്‌കാരത്തിന് അർഹത നേടിയ പഞ്ചായത്തുകളിൽ ഡെങ്കിയുടെ ആക്രമണമില്ല എന്നത് അഭിനന്ദനാർഹമാണെന്നും അവർ കേരളത്തിനാകെ മാതൃകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആർദ്രം മിഷന്റെ നടത്തിപ്പ് കൂടി കണക്കിലെടുത്തായിരിക്കും അടുത്ത തവണ ആരോഗ്യകേരളം പുരസ്‌കാരങ്ങൾ നിർണയിക്കുകയെന്നും ശൈലജ ടീച്ചർ പറഞ്ഞു.

പരിസര ശുചീകരണം ഉറപ്പാക്കി രോഗപ്രതിരോധം ഫലപ്രദമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ജനകീയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്ന് ആശംസാപ്രസംഗം നടത്തിയ വനം മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. കൊല്ലം ജില്ലാ പഞ്ചായത്താണ് സംസ്ഥാനതലത്തിൽ ഒന്നാം സമ്മാനമായ പത്ത് ലക്ഷം രൂപയ്ക്ക് അർഹമായത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപയ്ക്ക് മലപ്പുറം ജില്ലാപഞ്ചായത്തും, മൂന്നാം സമ്മാനമായ മൂന്ന് ലക്ഷം രൂപയ്ക്ക് കാസർകോഡ് ജില്ലാ പഞ്ചായത്തും അർഹമായി. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, പത്തനംതിട്ട ജില്ലയിലെ പുളിക്കീഴ്, കണ്ണൂർ ജില്ലയിലെ തലശ്ശേരി എന്നീ ബ്ലോക്ക് പഞ്ചായത്തുകൾ പത്ത് ലക്ഷം, അഞ്ച് ലക്ഷം, മൂന്ന് ലക്ഷം രൂപാക്രമത്തിൽ ബ്ലോക്ക്തലത്തിൽ ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

കൊല്ലം ജില്ലയിലെ കരവാളൂരും, കോഴിക്കോട് ജില്ലയിലെ നൊച്ചാടും, പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരവും ഗ്രാമപഞ്ചായത്തുകൾക്കുളള പുരസ്‌കാരങ്ങളിൽ ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പത്ത് ലക്ഷം, അഞ്ച് ലക്ഷം, മൂന്ന് ലക്ഷ രൂപാ ക്രമത്തിലാണ് പുരസ്‌കാര തുക. മുനിസിപ്പാലിറ്റികൾക്കുളള പുരസ്‌കാരം ഇടുക്കി ജില്ലയിലെ കട്ടപ്പന, കേഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റികൾ നേടി. പത്ത് ലക്ഷം, അഞ്ച് ലക്ഷം, മൂന്ന് ലക്ഷം രൂപാ ക്രമത്തിലാണ് പുരസ്‌കാര തുക. കോർപ്പറേഷൻ തലത്തിൽ ഒന്നും, രണ്ടും, മൂന്നും പുരസ്‌കാരങ്ങൾ ആർക്കുമില്ല. സമാശ്വാസ സമ്മാനമായ രണ്ട് ലക്ഷം രൂപയ്ക്ക് അർഹമായത് തൃശൂർ കോർപ്പറേഷനാണ്.

ജില്ലാതല ഗ്രാമപഞ്ചായത്ത് പുരസ്‌കാരങ്ങളിൽ, ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ (അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം രൂപവീതം) യഥാക്രമം: തിരുവനന്തപുരം- വാമനപുരം, കുളത്തൂർ, മാറനല്ലൂർ. കൊല്ലം- ചിറക്കര, ആലപ്പാട്, തെക്കുംഭാഗം. പത്തനംതിട്ട- തോട്ടപ്പുഴശ്ശേരി (ഒന്നാംസ്ഥാനം), ആലപ്പുഴ- ചേന്നംപള്ളിപ്പുറം (പ്രോത്സാഹന സമ്മാനം), കോട്ടയം- മുത്തോളി (പ്രോത്സാഹന സമ്മാനം). ഇടുക്കി- ആലക്കോട്, കടുയത്തുർ. (യഥാക്രമം ഒന്നും രണ്ടും സ്ഥാനം). എറണാകുളം- അയവന (ഒന്നാംസ്ഥാനം), തൃശ്ശൂർ- പൊയ്യ (ഒന്നാംസ്ഥാനം), പാലക്കാട് – പുതുക്കോട് (ഒന്നാംസ്ഥാനം), മലപ്പുറം – എടക്കര (പ്രോത്സാഹന സമ്മാനം), കോഴിക്കോട് – അരിക്കുളം, ഇടച്ചേരി (യഥാക്രമം ഒന്നും രണ്ടും സ്ഥാനം). വയനാട്- എടവക, പൂത്താടി, വൈത്തിരി (യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം), കണ്ണൂർ- ചെറുപുഴ (പ്രോത്സാഹന സമ്മാനം), കാസർഗോഡ്- ഈസ്റ്റ് എളേരി (ഒന്നാംസ്ഥാനം). ദേശീയ ആരോഗ്യമിഷൻ സംസ്ഥാന ഡയറക്ടർ കേശവേന്ദ്രകുമാർ സ്വാഗതം പറഞ്ഞു. വി.എസ്. ശിവകുമാർ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, അഡ്വ. കെ. തുളസിഭായി, ആർ. സുബാഷ്, വി.വി. രമേശ്, ഡോ. റംലാ ബീവി തുടങ്ങിയവർ സംബന്ധിച്ചു.