ദുരിതമനുഭവിക്കുന്നവർക്കെല്ലാം ആനുകൂല്യം ഉറപ്പാക്കി വിഴിഞ്ഞം പാക്കേജ് നടപ്പാക്കും: മന്ത്രി ജെ. മെഴ്സിക്കുട്ടിഅമ്മ

0
160

പദ്ധതിപ്രദേശത്തെ ദുരിതമനുഭവിക്കുന്ന മുഴുവൻ ഗുണഭോക്താക്കൾക്കും ഗുണകരമായ രീതിയിൽ വിഴിഞ്ഞം പാക്കേജ് നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെഴ്സിക്കുട്ടിഅമ്മ പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമാകുമ്പോൾ നിലവിലുള്ള മത്സ്യബന്ധന തുറമുഖത്തിന്റെ നിലനിൽപിന് ഭീഷണിയുണ്ടാവില്ല എന്നുറപ്പു വരുത്തും. മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവർത്തനത്തെ കുറേക്കൂടി ശക്തിപ്പെടുത്താനാവുമെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം പാക്കേജ് നടപ്പിലാക്കുന്നതു സംബന്ധിച്ച് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവിലുള്ള ഫിഷറീസ് ഹാർബറിന് സ്വതന്ത്രമായ പ്രവേശന കവാടം വേണമെന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയെ അറിയിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല. സർക്കാർ ഇക്കാര്യത്തിൽ ഉറച്ച നിലപാടാണ് സ്വീകരിക്കുന്നത്. പുനരധിവാസത്തിനായുള്ള സ്ഥലമെടുപ്പു നടപടികൾ ലഘൂകരിക്കാൻ കളക്ടറെ ചുമതലപ്പെടുത്തും. പാക്കേജ് പരാതികളില്ലാതെ നടപ്പിലാക്കാൻ പതിനേഴംഗ വകുപ്പുതല പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റിനെ നിയോഗിക്കും. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുമ്പോൾ കടൽത്തീരത്തിന് 50 മീറ്റർ പരിധിക്കുള്ളിൽ ഒന്നും രണ്ടും നിരകളിൽ താമസിക്കുന്നവർക്ക് മുൻഗണന നൽകും. മൂവായിരത്തിൽപരം വീടുകൾ ഈ ഗണത്തിൽ കാണും. കടൽക്ഷോഭബാധിതരുടെ പുനരധിവാസ കേന്ദ്രങ്ങളിൽ സൗകര്യങ്ങളൊരുക്കണമെന്നും അടിയന്തരമായി താത്കാലിക ശൗചാലായങ്ങൾ സ്ഥാപിക്കണമെന്നും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന് മന്ത്രി നിർദേശം നൽകി.

പദ്ധതിപ്രദേശത്ത് പുനരധിവാസത്തോടൊപ്പം തൊഴിൽ ദാന പദ്ധതികൾ നടപ്പിലാക്കുന്നതിനായി സാഫിന്റെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണ സർവേ നടത്തിയിട്ടുണ്ട്. തൊഴിൽദാന പദ്ധതി പുനരധിവാസത്തിനൊപ്പം നടപ്പാക്കും. അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരത്തുക ഡിസംബർ ഒന്നു മുതൽ പത്തുലക്ഷം രൂപ വരെയാക്കി ഉയർത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളി ക്ഷേമനിധിയിൽ അംഗത്വമെടുക്കുന്നതിന് തൊഴിലാളി യൂണിയനും ജനപ്രതിനിധികളും മത്സ്യത്തൊഴിലാളികളെ പ്രേരിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ശശി തരൂർ എം.പി., വി.എസ്. ശിവകുമാർ എം.എൽ.എ., എം. വിൻസന്റ് എം.എൽ.എ., ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ സംബന്ധിച്ചു.