പൃഥ്വിരാജിന്റെ മോഹൻലാൽ സിനിമയിൽ ചാക്കോച്ചനും

0
222

ചിത്രത്തിന്റെ വിശേഷങ്ങൾ തിരക്കി മമ്മൂട്ടി പൃഥ്വിരാജിനെ വിളിച്ചു

പൃഥ്വിരാജ് മോഹൻലാലിനെ സംവിധായകനാക്കി ഒരുക്കുന്ന മോഹൻലാൽ ചിത്രത്തിൽ കുഞ്ചാക്കോബോബനും.  പ്രധാനപ്പെട്ട വേഷത്തിൽ തന്നെയാണ് ചാക്കോച്ചൻ കടന്നുവരുന്നത്. സിനിമാലോകവും പ്രേക്ഷകരും ഉറ്റുനോക്കുന്ന ‘ലൂസിഫറിന്’ മുരളിഗോപിയാണ് തിരക്കഥ എഴുതുന്നത്. അടുത്ത വർഷം മേയിൽ ചിത്രീകരണം ആരംഭിക്കും. ചാക്കോച്ചനെത്തിയതോടെ ചിത്രത്തിന്റെ പ്രതീക്ഷകൾ വീണ്ടും ഉയരുന്നു. ചിത്രത്തിന് അഡ്വാൻസുമായി ഇപ്പോഴേ തിയേറ്റർ ഉടമകൾ നിർമാതാവ് ആന്റണി പെരുമ്പാവൂരിനെ തേടിയെത്തി തുടങ്ങി. മെയിൻ സെന്ററുകളിലെ തിയറ്ററുകൾ 30 മുതൽ 50 ലക്ഷം വരെ നൽകാൻ തയ്യാറാണ്.

ട്വന്റി20 ശേഷം മലയാളത്തിൽ ഇറങ്ങുന്ന ഈ വലിയ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കാൻ ചാനലുകളും വലവീശിക്കഴിഞ്ഞു. റെക്കോഡ് തുകയ്ക്ക് ഏഷ്യാനെറ്റ് സ്വന്തമാക്കുമെന്നാണ് അറിയുന്നത്. സാധാരണ മോഹൻലാൽ ചിത്രത്തിന് അഞ്ച് കോടിയാണ് സാറ്റലൈറ്റ് അവകാശം ലഭിക്കുന്നത്. ഇതിപ്പോൾ പൃഥ്വിരാജിന്റെ സംവിധാനവും കുഞ്ചാക്കോബോബന്റെ സാനിധ്യവും ആയപ്പോൾ വില ഉയരും. കാസ്റ്റിംഗ് പൂർത്തിയാവുന്നതോടെ സാറ്റലൈറ്റ് അവകാശം ഇനിയും കൂടാനാണ് സാധ്യത. എന്തായാലും ചിത്രം റിലീസാകുന്നതിന് മുമ്പ് മുടക്ക് മുതൽ തിരിച്ച് പിടിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് അണിയറ പ്രവർത്തകർ.

ചിത്രത്തിന്റെ കഥയും മറ്റ് വിശേഷങ്ങളും അറിയാൻ അടുത്തിടെ മമ്മൂട്ടി പൃഥ്വിരാജിനെ വിളിച്ചിരുന്നു. തനിക്ക് അറിയാവുന്ന സംവിധായകരോടും നടൻമാരോടും പുതിയ സിനിമയുടെ കഥയും മറ്റ് വിശേഷങ്ങളും അന്വേഷിക്കുന്നത് മമ്മൂട്ടിക്ക് പണ്ടേയുള്ള ശീലമാണ്. മറ്റുള്ളവരുടെ സിനിമകൾ എങ്ങനെ വരും എന്നറിയാനുള്ള ആകാംഷ അദ്ദേഹത്തിനുണ്ട്. പണ്ട് സുകുമാരൻ ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും പേരിൽ നിർമിച്ച പടയണി എന്ന ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ആ ചിത്രം സൂപ്പർഹിറ്റുമായിരുന്നു. ഇപ്പോൾ പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുകയും മമ്മൂട്ടിയെ നായകനാക്കി സിനിമ നിർമിക്കുകയും ചെയ്യുന്നു എന്നത് കൗതുകമാണ്.