പോഷകാഹാരക്കുറവില്ലാത്ത കേരളത്തിന് യുഎൻ സാങ്കേതിക സഹായം

0
144

പോഷകാഹാരക്കുറവില്ലാത്ത കേരളം സൃഷ്ടിക്കുന്നതിനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് ഐക്യ രാഷ്ട്ര സഭയുടെ വേൾഡ് ഫുഡ് പ്രോഗ്രം (ഡബ്‌ളിയുഎഫ്പി) സാങ്കേതിക സഹായം നൽകും. ഡബ്‌ളിയു എഫ് പിയുടെ നിർദേശങ്ങൾ നടപ്പാക്കുന്നതിനെക്കുറിച്ച് ആസൂത്രണ ബോർഡ് ആലോചിക്കുമെന്ന് ബോർഡിന്റെ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡബ്‌ളിയുഎഫ്പി കൺട്രി (ഇന്ത്യ) ഡയറക്ടർ ഡോ. ഹമീദ് നൂറു, ഡെപ്യൂട്ടി ഹെഡ് ജാൻ ഡെൽഫെർ എന്നിവരുമായുള്ള ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഡബ്‌ളിയുഎഫ്പിയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ രണ്ടാമത്തേതായ പട്ടിണി രഹിത സംസ്ഥാനം എന്ന പരിപാടി നടപ്പാക്കുന്നതിന് കേരളത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. കേരളത്തെ സംബന്ധിച്ച് പട്ടിണിയല്ല, പോഷകാഹാരക്കുറവാണ് പ്രശ്‌നം. പോഷകാഹാരം ആവശ്യത്തിന് എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യം നേടാൻ യുഎൻ ഏജൻസിയുമായി സഹകരിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആസൂത്രണ ബോർഡുമായി ഇക്കാര്യം ചർച്ച ചെയ്യണം. പോഷകാ ഹാരക്കുറവ് പരിഹരിക്കാൻ ശ്രമിക്കുമ്പോൾ ചെറിയ കുട്ടികളെയും വിദ്യാർഥികളെയുമാണ് ലക്ഷ്യം വയ്‌ക്കേണ്ടതെന്ന് യുഎൻ പ്രതിനിധികളോട് മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം മുതലായ രംഗങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ കണക്കിലെടുത്താണ് പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള കേരളത്തിന്റെ പരിപാ ടികൾക്ക് സഹായം നൽകാൻ യുഎൻ ഏജൻസി തയാറാകുന്നതെന്ന് ഡോ. ഹമീദ് നൂറു പറഞ്ഞു. 2011-ലെ സെൻസസ് പ്രകാരം കേരളത്തിലെ സാക്ഷരതാ നിരക്ക് 94 ശതമാനമാണ്. തൊഴിലെടുക്കുന്ന സ്ത്രീകളുടെ ശതമാനവും കേരളത്തിൽ കൂടുതലാണ് -35.4 ശതമാനം. സ്ത്രീകൾക്ക് കിട്ടുന്ന വേതനം മറ്റേതൊരു സംസ്ഥാനത്തെക്കാളും കുടുതലാണ്. രംഗരാജൻ കമ്മിറ്റിയുടെ മാനദണ്ഡ പ്രകാരം ഇവിടെ ദരിദ്രർ 7.3 ശതമാനമേയുള്ളു. ദേശീയതലത്തിൽ 31 ശതമാനമാണ് ദരിദ്രർ. വിവിധ ഗ്രാമവികസന പരിപാടികൾ നടപ്പാക്കിയതിന്റെ ഫലമായി പാവപ്പെട്ടവർക്ക് ജീവിതനിലവാരം മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്- ഡോ. ഹമീദ് പറഞ്ഞു.

പോഷകാഹാരക്കു റവിന്റെ പ്രശ്‌നം കേരളം നേരിടുന്ന വെല്ലുവിളിയാണ്. അഞ്ചു വയസ്സിന് താഴെയുള്ള അഞ്ചിലൊന്ന് കുട്ടികൾക്ക് പോഷകാഹാരക്കുറവുണ്ട്. 16.1 ശതമാനം കുട്ടികൾക്ക് പ്രായത്തിനനുസരിച്ചുള്ള തൂക്കമില്ല. പ്രായത്തിനനസുരി ച്ച് ഉയരമില്ലാത്ത കുട്ടികൾ 19 ശതമാനം വരും. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരമുള്ള പോഷകാഹാരം കുട്ടികൾക്ക് കിട്ടിയെങ്കിലേ ഈ പ്രശ്‌നം പരിഹരിക്കാൻ കഴിയൂ. കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകളെയും ഏജൻസി കളെയും ഏകോപിപ്പിച്ച് പോഷകാഹാര പരിപാടി നടപ്പാക്കുന്നതിന് ഡബ്‌ളിയുഎഫ്പി സഹായിക്കാമെന്ന് ഡോ. ഹമീദ് അറിയിച്ചു. ചർച്ചയിൽ ഡബ്‌ളിയുഎഫ്പിയുടെ സംസ്ഥാന കോഓർഡിനേറ്റർ സുനിൽ ദേവസ്സി, ന്യൂട്രിഷൻ കോഓർഡിനേറ്റർ പി റാഫി എന്നിവരും പങ്കെടുത്തു.