രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിക്കില്ലെന്ന് യെച്ചൂരി

0
129

രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിക്കാനില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രണ്ടിൽ കൂടുതല്‍ തവണ മല്‍സരിക്കേണ്ടെന്ന പാര്‍ട്ടി നയം ലംഘിക്കില്ല. സെക്രട്ടറിയായ തനിക്കും അത് ബാധകമാണെന്നും യെച്ചൂരി പറഞ്ഞു.  രാജ്യസഭയിലേക്കടക്കം കോണ്‍‌ഗ്രസുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാകില്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ഒത്തുചേര്‍ന്ന് സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും യെച്ചൂരി തൃശൂരില്‍ വ്യക്തമാക്കി.

ആർഎസ്എസ്-ബിജെപി സംഘത്തിന്റെ കടന്നാക്രമണങ്ങളെ ജനാധിപത്യരീതിയിൽ പ്രതിരോധം തീർത്ത് നേരിടുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സിപിഐ എമ്മിനും ഇടത്പക്ഷത്തിനും എതിരായ ആർഎസ്എസ്-ബിജെപി സംഘത്തിന്റെ കടന്നാക്രമണങ്ങളെ ഇതിന് മുമ്പും നേരിട്ടിട്ടുണ്ട്. ഇനിയും അതുപോലെ തന്നെ നേരിടും. എന്നാൽ ജനാധിപത്യരീതിയിൽ പ്രതിരോധം തീർത്താണ് നേരിടുകയെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎമ്മിനെയും എൽഡിഎഫിനെയും ദുർബലപ്പെടുത്താനാണ് ആർഎസ്എസ് ശ്രമം. അടുത്ത ത്രിപുര തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി സിപിഐ എമ്മിനെ പരാജയപ്പെടുത്താനുള്ള ശ്രമമാണ് ആർഎസ്എസ് നടത്തുന്നത്. ത്രിണമൂലിനെ ഉപയോഗപ്പെടുത്തിയാണ് ഈ നീക്കം. വലിയ തുക ചിലവഴിച്ച് എംഎൽഏമാരെ വിലക്കെടുക്കുകയാണ്. ഇതോടൊപ്പം കേരളത്തിലെ സർക്കാരിനെ അസ്ഥിരപ്പെടുത്താനവുമോ എന്നും നോക്കുന്നുണ്ട്. ആർഎസ്എസിന്റെ ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാനുള്ള നീക്കത്തിന് തടസ്സമായി നിൽക്കുന്ന മൂന്ന് വിഭാഗങ്ങളെയാണ് ആർഎസ്എസ് ശത്രുക്കാളായി കാണുന്നത്. മുസ്‌ളികളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളുമാണ് ഇവരുടെ ശത്രുപക്ഷത്തുള്ളത്. ത്രിപുര ബിജെപിയുടെ വാട്ടർലൂ ആയിരിക്കുമെന്നും യെച്ചൂരി പറഞ്ഞു.

കാശ്മീർ പ്രശ്‌നം രൂക്ഷമായത് മോഡി സർക്കാരിന്റെ പരാജയമാണ്. അധികാരത്തിന് വേണ്ടി വിരുദ്ധ ആശയമുള്ള പാർടികളുടെ സഖ്യമാണ് കാശ്മീരിൽ അധികാരത്തിലുള്ളത്. അവർക്ക് കാശ്മീർ പ്രശ്‌നം പരിഹരികാൻ കഴിയില്ല. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിൽ നിർണ്ണായക സ്ഥാനം വഹിക്കുന്ന സൈന്യത്തെ പരസ്യ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നാണ് സൈനിക ഉദ്യോഗസ്ഥരോടും രാഷ്ട്രീയപാർട്ടികളോടും അഭ്യർഥിക്കാനുള്ളത്.

ബിജെപി തുടർവിജയങ്ങൾ നേടുന്നുവെന്നത് പ്രചരണം മാത്രമാണ്. ഡൽഹി, ബീഹാർ, പഞ്ചാബ് എന്നിവിടങ്ങളിലെല്ലാം പരാജയപ്പെട്ടു. യുപിയിൽ മതേതരവോട്ടുകൾ ഭിന്നിച്ചത് കൊണ്ട്മാത്രമാണ് ബിജെപി വിജയിച്ചത്. മൂന്ന് ശതമാനം വോട്ട് കുറവാണ് ബിജെപിക്ക് ലഭിച്ചത്. കോൺഗ്രസും ബിഎസ്പിയും എസ്പിയും ഒന്നിച്ച് മൽസരിച്ചിരുന്നുവെങ്കിൽ മൂന്നൂറിലേറെ സീറ്റ് നേടുമായിരുന്നു. ബിജെപി വെറും 90 സീറ്റിൽ ഒതുങ്ങുമായിരുന്നു. ഈ വസ്തുതകൾ മറച്ചുവെച്ചാണ് ബിജെപി തുടർവിജയങ്ങൾ നേടുന്നുവെന്ന് പ്രചരിപ്പിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.