വിഴിഞ്ഞം തുറമുഖ കരാര്‍ സംബന്ധിച്ച് കോണ്‍ഗ്രസില്‍ തര്‍ക്കം. കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതിയില്‍ വിഴിഞ്ഞം കരാര്‍ സംബന്ധിച്ച് നടന്ന ചര്‍ച്ചയ്ക്കിടെ കെ. മുരളീധരന് എം.എല്‍.എയും വി.എം. സുധീരനും തമ്മിലാണ് രൂക്ഷമായ തര്‍ക്കം ഉണ്ടായത്. പദ്ധതിയെക്കുറിച്ച് പാര്‍ട്ടിയുടെ ഒരു ഫോറത്തിലും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് വി.എം. സുധീരന് ആരോപിച്ചു. കരാര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാമെന്നാണ് ഹൈക്കമാന്‍ഡുമായി നടത്തിയ ചര്‍ച്ചകളില്‍ ധാരണയായിരുന്നു. എന്നാല്‍ ഈ തീരുമാനത്തിന് വില കല്‍പ്പിക്കാതെയാണ് മന്ത്രിസഭ മുന്നോട്ട് പോയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അന്ന് നല്ല രീതിയില്‍ ചര്‍ച്ച ചെയ്തിരുന്നുവെങ്കില്‍ ഇപ്പോഴത്തെ വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, പാര്‍ട്ടി ചര്‍ച്ച ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്തുവെന്നും യോഗത്തില്‍ കെ. മുരളീധരന് തിരിച്ചടിച്ചു. വിഴിഞ്ഞത്തിന്റെ പേരില്‍ തന്നെയാണ് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചത്. അതിന്റെ ഫലം തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പിനുണ്ടായെന്നും മുരളീധരന് പറഞ്ഞു.
അതേസമയം, വിഴിഞ്ഞം തുറമുഖ കരാറില്‍ അഴിമതിയുണ്ടെങ്കില്‍ കരാര്‍ റദ്ദ് ചെയ്യണമെന്ന് യോഗത്തില്‍ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. കരാറില്‍ ക്രമക്കേട് ഉണ്ടെന്നു പറയുന്ന എല്‍.ഡി.എഫ്. സര്‍ക്കാര്‍ തന്നെ പദ്ധതി നടപ്പാക്കുന്നത് ഇരട്ടത്താപ്പാണ്. ക്രമക്കേണ്ട് ഉണ്ടെങ്കില്‍ പദ്ധതി റദ്ദാക്കാന്‍ കരാറില്‍ തന്നെ വ്യവസ്ഥയുണ്ട്. ജുഡീഷ്യല്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസന് പറഞ്ഞു. കോണ്‍ഗ്രസ് രാഷ്ട്രീയ സമിതിയോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചുമാറ്റാന്‍ ശ്രമം നടക്കുകയാണ്. വിഴിഞ്ഞവുമായി ബന്ധപ്പെട്ട സി.എ.ജി. റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമാണെന്നും ഹസന് പറഞ്ഞു.