ശ്രീവത്സം ഗ്രൂപിന് 425 കോടിയുടെ വരവിൽ കവിഞ്ഞ സമ്പാദ്യമുണ്ടെന്ന് ആദായ നികുതി വകുപ്പ്

0
132

ശ്രീവത്സം സ്ഥാപനങ്ങളിലെ പരിശോധനയിൽ 425 കോടിയുടെ വരവിൽ കവിഞ്ഞ സ്വത്ത് കണ്ടെത്തിയതായി ആദായനികുതി വകുപ്പിൻറെ സ്ഥിരീകരണം. സ്ഥാപനങ്ങളിലെ പരിശോധന ഇപ്പോഴും തുടരുകയാണ്. കേന്ദ്ര സർക്കാറിൻറെ സ്വത്ത് വെളിപ്പെടുത്തൽ പദ്ധതി പ്രകാരം 50 കോടി രൂപയുടെ അധികസ്വത്ത് ഉണ്ടെന്നായിരുന്നു നേരത്തെ നൽകിയിരുന്ന മൊഴി. 425 കോടിയെന്ന അധിക സ്വത്ത് പ്രാഥമിക നിഗമനം മാത്രമാണെന്നും ഇത് സംബന്ധിച്ച പരിശോധന പൂർത്തിയാവുമ്പോൾ സംഖ്യ ഉയർന്നേക്കാമെന്നുമാണ് ഉദ്യോഗസ്ഥരുടെ നിഗമനം.
നാഗാലാൻറിൽ അഡീഷണൽ എസ്.പിയായി വിരമിച്ച രാജശേഖരൻ പിള്ള അവിടുത്തെ ചില പ്രധാന ഉദ്യോഗസ്ഥരുടെ കള്ളപ്പണം ശ്രീവത്സം ഗ്രൂപ്പിൽ എത്തിച്ചിട്ടുണ്ടോയെന്നും ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്. സ്ഥാപനങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസം പിടിച്ചെടുത്ത രേഖകളുടെ പരിശോധന നടക്കുകയാണ്. ആദ്യ ദിവസത്തെ പരിശോധനയിൽ തന്നെ നൂറിലധികം കോടി രൂപയുടെ അനധികൃത പണം ശ്രീവത്സം ഗ്രൂപ്പിന് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
നാഗാലാൻറിലെ കൊഹിമ കേന്ദ്രമാക്കി 28 അക്കൗണ്ടുകളാണ് ശ്രീവത്സം ഗ്രൂപിൻറെ എം.ഡിയായ എം.കെ.ആർ പിള്ളക്കുള്ളത്. ഇതിൽ 20 എണ്ണം പിള്ളയുടെ പേരിലും ബാക്കിയുള്ള 8 എണ്ണം ഭാര്യയുടേയും മകൻറെയും പേരിലുമാണ്. കേരളത്തിലേക്ക് പണം എത്തിക്കാനായാണ് ഈ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നത്.
പിള്ളക്ക് ബിനാമി ഇടപാടുകളുണ്ടോ എന്നും സംഘം പരിശോധിക്കുന്നുണ്ട്. 50 കോടി രൂപയുടെ കള്ളപ്പണത്തിൻറെ കണക്കാണ് പിള്ള സർക്കാരിന് നൽകിയത്.എന്നാൽ ഇതിൻറെ എത്രയോ ഇരട്ടിയാണ് പ്രാഥമിക പരിശോധനയിൽ മാത്രം കണ്ടെത്തിയത്. രാഷ്ട്രീയ നേതാക്കളുടെ നിക്ഷേപങ്ങളും ഇതിൽ ഉൾപ്പെട്ടേക്കാമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ബിനാമി ഇടപാടാണോ പിള്ളയുടേതെന്നും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.