ശ്രീവത്സം ഗ്രൂപ്പിന്റെ ഇടപാടുകള്‍ പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കും

0
133

ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുകളെ തുടര്‍ന്ന് കേരളത്തിലെ ശ്രീവത്സം ഗ്രൂപ്പിന്റെ ഇടപാടുകള്‍ സംബന്ധിച്ച് ദുരൂഹത വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാന പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നു. ശ്രീവത്സം ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മുമ്പും വിവരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും പോലീസ് കാര്യമായെടുത്തിരുന്നില്ല. ഇപ്പോള്‍ ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ ഞെട്ടിക്കുന്ന ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് രണ്ടു വര്‍ഷം മുമ്പ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് തീരുമാനിച്ചിരിക്കുന്നത്.

എം.കെ.ആര്‍.പിള്ളയുടെ അക്കൗണ്ടുകളിലൂടെ കോടിക്കണക്കിന് രൂപ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. പിള്ളക്ക് 20 അക്കൗണ്ടുകളും മകനും ഭാര്യക്കുമായി എട്ട് അക്കൗണ്ടുകളുമുണ്ട്. നാഗാലാന്‍ഡിന്റെ തലസ്ഥാനമായ കൊഹിമയിലും ദിമാപൂരിലുമാണ് പിള്ളക്ക് അക്കൗണ്ടുകളുള്ളത്. ഇക്കാര്യങ്ങളെല്ലാം തന്നെ ആദായനികുതി വകുപ്പിന്റെ പരിശോധന നടക്കുകയാണ്.

യു.ഡി.എഫിനും കഴിഞ്ഞ സര്‍ക്കാരിലെ ഒരു മന്ത്രിക്കുമെതിരേ ആരോപണവുമായി സി.പി.ഐ. രംഗത്തെത്തിയ പശ്ചാത്തലത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് എം.കെ.ആര്‍.പിള്ളയുമായി ബന്ധമുണ്ടോയെന്ന് സി.പി.എമ്മും അന്വേഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സി.പി.ഐ. നടത്തിയ ആരോപണം സംബന്ധിച്ച് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തും നല്‍കിക്കഴിഞ്ഞു. ഒന്നര പതിറ്റാണ്ടിനിടെ വന്‍ വളര്‍ച്ച നേടിയ ശ്രീവത്സം ഗ്രൂപ്പുമായി മിക്ക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബന്ധമുണ്ടെന്ന ആക്ഷേപം ശക്തമാണ്.

എം.കെ.ആര്‍.പിള്ള നാഗാലാന്‍ഡ് പോലീസില്‍ എസ്.പി. ആയിരുന്നതിനാല്‍ നാഗാലാന്‍ഡ് പൊലീസിന്റെ ഔദ്യോഗിക വാഹനങ്ങളില്‍ സംസ്ഥാനത്തേക്ക് പണം കടത്തിയെന്ന് ആരോപണം ഉണ്ട്. ഇതാണ് സംസ്ഥാന പോലീസിന്റെ ഇന്റലിജന്‍സ് പ്രധാനമായും അന്വേഷിക്കുക. മുമ്പ് ഇതുസംബന്ധിച്ച് ഇന്റലിജന്‍സ് വിഭാഗം പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുകയും പരാതിയിലെ വിവരങ്ങള്‍ ശരിയാണെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. നാഗാലാന്‍ഡ് പൊലീസിന്റെ വാഹനങ്ങളില്‍ എന്തു കടത്തുന്നുവെന്നു കണ്ടെത്തുകയായിരുന്നു ഇന്റലിജന്‍സ് അന്വേഷണത്തിന്റെ ലക്ഷ്യം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ പിടിച്ചെടുത്തു പരിശോധിക്കാന്‍ പൊലീസ് തയാറായില്ല. വിശദമായ അന്വേഷണത്തിനു ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ടു നല്‍കിയെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. സര്‍ക്കാരിലെ ഒരു ഉന്നതന്റെ ഇടപെടലാണ് അന്വേഷണം പാതിവഴിയില്‍ നിലയ്ക്കാന്‍ കാരണമായതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം. അന്ന് അന്വേഷണം മുടങ്ങിയയിടത്തുനിന്നും ആരംഭിക്കാനാണ് പോലീസ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്.

ഇതിനൊപ്പം ശ്രീവത്സം ഗ്രൂപ്പ് സംസ്ഥാനത്ത് വ്യാപകമായി ഭൂമിയിടപാടും നടത്തിയതായി സൂചനയുണ്ട്. ഇടുക്കിയില്‍ ശ്രീവത്സം ഗ്രൂപ്പ് വ്യാപകമായി റിസോര്‍ട്ടുകള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്. ചിന്നക്കനാല്‍ ടൗണിനോടു ചേര്‍ന്ന തച്ചങ്കരി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഫോര്‍ട്ട് മൂന്നാറിന് എതിര്‍വശത്തുള്ള മൂന്നാര്‍ ക്രൗണ്‍ റിസോര്‍ട്ടാണ് ശ്രീവത്സം ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നതിലൊന്ന്. ഏറെക്കാലം മുമ്പാണ് കോടികള്‍ മുടക്കി അവര്‍ ഇത് വാങ്ങിയത്. പിന്നീട് മുന്നുകോടിയോളം രൂപയ്ക്ക് റിസോര്‍ട്ട് കോതമംഗലം സ്വദേശിക്ക് മറിച്ചുവിറ്റു. വിവാദ കൈയേറ്റക്കാരന്‍ സ്പിരിറ്റ് ഇന്‍ ജീസസ് തലവന്‍ ടോം സഖറിയ കൈവശം വെച്ചിരുന്ന ഭൂമിയായിരുന്നു ഇത്. പട്ടയത്തിലെ അപാകതമൂലം റവന്യുവകുപ്പ് ഇതിന് കരമടയ്ക്കാന്‍ അനുമതി നല്‍കിയിട്ടില്ല. ഈ റിസോര്‍ട്ടിന് പോക്കുവരവ് ചെയ്യാന്‍ സാധിക്കാത വന്നതോടെയാണ് മറിച്ചുവിറ്റത്. ടോം സഖറിയയില്‍ നിന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള ചില ബിനാമികളാണ് ആദ്യം ഇത് വാങ്ങുന്നത്. പിന്നീട് അവര്‍ ശ്രീവത്സം ഗ്രൂപ്പിന് എഴുതി നല്‍കുകയായിരുന്നു. ചിന്നക്കനാല്‍ ടൗണില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ മൗണ്ടാണ് ശ്രീവത്സം വാങ്ങിമറിച്ചുവിറ്റ രണ്ടാമത്തെ റിസോര്‍ട്ട്. ഏറുമാടവും വില്ലകളുമൊക്കെയുള്ള റിസോര്‍ട്ടാണിത്. ഇതിന്റെ ശ്രീവത്സം ഗ്രൂപ്പുമായുള്ള ബന്ധം വെളിവാക്കുന്നതാണ് മുന്‍ ഉടമയുടെ നാഗാലാന്റ് ബന്ധം. നാഗാലാന്‍ഡിലെ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ കൈയില്‍ നിന്നാണ് നിലവിലെ ഉടമ റിസോര്‍ട്ട് വാങ്ങുന്നത്. ഒന്നരക്കോടി രൂപയുടെ ഇടപാടാണ് റിസോര്‍ട്ട് കൈമാറ്റത്തില്‍ നടന്നത്. നാഗാലാന്‍ഡില്‍ നിന്ന് അനധികൃത നിക്ഷേപങ്ങള്‍ കേരളത്തിലേക്ക് ഒഴുകിയിരുന്ന കാലത്താണ് രണ്ടുറിസോര്‍ട്ടുകളും ശ്രീവത്സം ഗ്രൂപ്പ് സ്വന്തമാക്കി വച്ചിരുന്നത്. മുന്നാറിലും പരിസരങ്ങളിലുമായി ശ്രീവത്സം ഗ്രൂപ്പ് കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടോയെന്ന് ആദായനികുതിവകുപ്പ് അന്വേഷിക്കുന്നുണ്ട്. അതുപോലെന്നെ ആലപ്പുഴ ജില്ലയിലെ ഹരിപ്പാടും മറ്റും ശ്രീവത്സം ഗ്രൂപ്പ് വാങ്ങിക്കൂട്ടിയ ഭൂമി സംബന്ധിച്ചും പോലീസിന്റെ അന്വേഷണം നടന്നേക്കും.