ശ്രീവത്സം ഗ്രൂപ്പിന്റെ യുഡിഎഫ് ബന്ധം: സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രിയ്ക്ക് ചെന്നിത്തലയുടെ കത്ത്‌

0
159

തിരുവനന്തപുരം: ആദായ നികുതി വകപ്പ് കള്ളപ്പണം പിടികൂടിയ ശ്രീവത്സം ഗ്രൂപ്പുമായി യു.ഡി.എഫിനും യു.ഡി.എഫിലെ ഒരു മുൻമന്ത്രിക്കും ബന്ധമുണ്ടെന്ന് ചില കേന്ദ്രങ്ങൾ ഉയർത്തുന്ന ആരോപണം സമൂഹത്തിൽ സൃഷ്ടിച്ച സംശയം ദൂരീകരിക്കുന്നതിന്   സി.ബി.ഐയെക്കൊണ്ടോ സംസ്ഥാന സർക്കാരിന്റെ ഏതെങ്കിലും ഏജൻസിയെക്കൊണ്ടോ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.

സി.പി.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി കഴിഞ്ഞ ദിവസം യു.ഡി.എഫിനെതിരെ പുകമറ സൃഷ്ടിക്കുന്ന തരത്തിൽ അവ്യക്തമായ ആരോപണമാണ് ഉന്നയിച്ചത്. സി.പി.ഐയുടെ നേതാക്കൾക്ക് ശ്രീവത്സം ഗ്രൂപ്പുമായുള്ള ബന്ധത്തെക്കുറിച്ച് ഉയർന്ന ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതിനാണ് സി.പി.ഐ യു.ഡി.എഫിനെതിരെ ആരോപണം ഉന്നിച്ചതെങ്കിലും അത് മാദ്ധ്യമങ്ങളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന സ്ഥിതിക്ക് ഇതിന്റെ സത്യാവസ്ഥ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്.

യു.ഡി.എഫിലെ ഒരു മുൻമന്ത്രിക്ക് ശ്രീവത്സം ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന ആരോപണം ദുഷ്ടലാക്കോടെയാണ്. യു.ഡി.എഫിലെ മുൻമന്ത്രിമാരെയെല്ലാം സംശയത്തിന്റെ നിഴലിലാക്കി രക്ഷപ്പെടാനാണ് സി.പി.ഐയുടെ ശ്രമം. ഹരിപ്പാട് മെഡിക്കൽ കോളേജുമായി ശ്രീവത്സം ഗ്രൂപ്പിന് ബന്ധമുണ്ടെന്ന ആരോപണവും വസ്തുതാപരമല്ല. യഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാതെ യു.ഡി.എഫിനെ കരിതേച്ച് കാണിക്കാൻ കെട്ടിച്ചമച്ചുണ്ടാക്കിയതാണ് ഈ ആരോപണങ്ങൾ.

ഈ പശ്ചാത്തലത്തിൽ പൊതുസമൂഹത്തിന് ഉണ്ടായിരിക്കുന്ന സംശയങ്ങൾ നീക്കാൻ സമഗ്ര അന്വേഷണം ആവശ്യമാണ്. അതിന് സി.ബി.ഐയോ അല്ലെങ്കിൽ അത് പോലുള്ള സംസ്ഥാന സർക്കാരിന്റെ ഏതെങ്കിലും ഉന്നത ഏജൻസിയോ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല കത്തിൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.