സുഷമാ സ്വരാജിന്റെ കാരുണ്യത്തില്‍ ചികിത്സക്കായി പാക് കുഞ്ഞെത്തി

0
87

പൗരന്മാര്‍ക്കുവേണ്ടി നടത്തിയ രാജ്യാന്തര ഇടപെടലുകളിലൂടെ ഏറെ ശ്രദ്ധേയയായ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ഉറപ്പിനെ തുടര്‍ന്ന് പാകിസ്ഥാനില്‍ നിന്നുള്ള രണ്ടരമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ചികില്‍സയ്ക്കായി ഇന്ത്യയിലെത്തിച്ചു.

കുഞ്ഞിന് നാലുമാസത്തേക്കു മെഡിക്കല്‍ വിസ അനുവദിക്കാന്‍ കാരണമായത് സുഷമയുടെ ഇടപെടലാണ്. ഹൃദയ ശസ്ത്രക്രിയയ്ക്കായി ഡല്‍ഹിയിലെ ജെയ്പീ ആശുപത്രിയിലാണ് കുട്ടിയെ എത്തിച്ചത്. കുഞ്ഞിന്റെ പിതാവ് ട്വിറ്ററിലൂടെ പ്രശ്‌നങ്ങള്‍ സുഷമയെ അറിയിക്കുകയായിരുന്നു. പാക് പൗരനായ കെന്‍ സിദ് തന്റെ മകന്‍ രോഹനു പാക്കിസ്ഥാനില്‍ ചികില്‍സയ്ക്കു സൗകര്യമില്ലെന്നും ഇന്ത്യയിലെത്തി ഹൃദയ ശസ്ത്രക്രിയ നടത്താന്‍ വീസ പ്രശ്‌നമായിരിക്കുകയാണെന്നുമുള്ള വിവരം സുഷമയുടെ ശ്രദ്ധയില്‍ പെടുത്തി. മെഡിക്കല്‍ വീസ നല്‍കാമെന്നു വാഗ്ദാനം ചെയ്ത സുഷമ പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനെ ബന്ധപ്പെടാനും നിര്‍ദേശിച്ചു. കെന്‍ സിദ് അങ്ങനെ ചെയ്തപ്പോള്‍ അവര്‍ക്കു കുഞ്ഞുമായി ഇന്ത്യയിലേക്കു വരാന്‍ ഉടനെ മെഡിക്കല്‍ വീസ അനുവദിക്കുകയായിരുന്നു.

രോഹന്റെ ഹൃദയത്തിലുള്ള ദ്വാരം അടയ്ക്കുന്നതിനാണ് ശസ്ത്രക്രിയ. കുഞ്ഞ് ഗുരുതരാവസ്ഥയിലാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. വാഗ അതിര്‍ത്തിവഴിയാണ് രോഹന്‍ രക്ഷിതാക്കള്‍ക്കൊപ്പം ഇന്ത്യയില്‍ എത്തിയത്.