സ്‌കൂൾ കുട്ടികളുടെയും മന്ത്രിയുടെയും മുന്നിൽവച്ച് സിപിഎം- കോൺഗ്രസ് കൂട്ടത്തല്ല്

0
130

ആര്യനാട് ഹയർസെക്കന്ററി സ്‌കൂളിലെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ സിപിഎം-കോൺഗ്രസ് സംഘർഷം. ജി. കാർത്തികേയൻ ആര്യനാട് എംഎൽഎ ആയിരിക്കെ നിർമാണാനുമതി ലഭിച്ച ആര്യനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങാണു സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ മൂന്നു സിപിഎം, കോൺഗ്രസ് പ്രവർത്തകർക്കു പരുക്കേറ്റു. സിപിഎം പ്രവർത്തകരെ മർദിച്ചതായി ആരോപിച്ചു ആര്യനാട് ലോക്കൽ കമ്മറ്റി പ്രദേശത്തു ബുധനാഴ്ച ഹർത്താൽ പ്രഖ്യാപിച്ചു.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടകനായ ചടങ്ങിൽ സ്വാഗതം പറയുന്നതിനായി കോൺഗ്രസ് നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ ശാമില ബീഗത്തൊണ് തീരുമാനിച്ചിരുന്നത്. സ്വാഗതം പറയാനായി ശാമില ബീഗം വേദിയിലെത്തിയപ്പോൾ സിപിഎം പ്രവർത്തകർ എതിർപ്പുമായെത്തി. സ്‌കൂൾ ജില്ലാ പഞ്ചായത്തിന്റെ കീഴിൽ വരുന്നതിനാൽ ജില്ലാ പഞ്ചായത്ത് അംഗം ബിജുമോഹൻ സ്വാഗതം പറയണമെന്നായിരുന്നു സിപിഎം പ്രവർത്തകരുടെ ആവശ്യം.

പ്രതിഷേധവുമായെത്തിയ സിപിഎം പ്രവർത്തകർ വേദിയിലേക്കു കയറുകയും തുടർന്നു കോൺഗ്രസ് പ്രവർത്തകരുമായി കയ്യേറ്റമുണ്ടാകുകയുമായിരുന്നു. തുടർന്നു സ്വാഗതപ്രസംഗം ഒഴിവാക്കി ഉദ്ഘാടന ചടങ്ങുകൾ നടന്നു. ഉദ്ഘാടന ചടങ്ങിനുശേഷവും പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. സ്‌കൂൾ കുട്ടികളുടെ മുന്നിൽവച്ചായിരുന്നു സ്വാഗത പ്രസംഗത്തെ ചൊല്ലി കോൺഗ്രസ് -സിപിഎം പ്രവർത്തകർ ഏറ്റുമുട്ടിയത്.