ഹര്‍ദിക് പട്ടേലിനെ അറസ്റ്റ് ചെയ്തു; കര്‍ഷക സമരം രാജ്യവ്യാപകമാക്കാന്‍ നീക്കം

0
128

സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മദ്ധ്യപ്രദേശിലെ മന്ത്സൗര്‍ സന്ദര്‍ശിക്കാന്‍ എത്തിയ പട്ടേല്‍ സമുദായ സമര നേതാവ് ഹാര്‍ദിക് പട്ടേലിനെ പോലീസ് അറസ്റ്റു ചെയ്തു. കാര്‍ഷിക പ്രക്ഷോഭം നയിക്കുന്ന മന്ത്സൗറിലെ കര്‍ഷകരെ കാണുമെന്ന് ഇന്നലെ തന്നെ ഹാര്‍ദിക് വ്യക്തമാക്കിയിരുന്നു. പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുമെന്ന് ആരോപിച്ച് മന്ത്സൗറിലേക്കുള്ള സാമൂഹിക പ്രവര്‍ത്തകരുടേയും നേതാക്കളുടേയും സന്ദര്‍ശനത്തെ പോലീസ് വിലക്കിയിരുന്നു. മേധാപട്കര്‍, യോഗേന്ദ്രയാദവ്, സ്വാമി അഗ്‌നിവേശ് എന്നിവരെ പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് നീക്കിയിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ഒമ്പതു മാസം ജയില്‍ ശിക്ഷ അനുഭവിച്ച ഹാര്‍ദിക് കോടതി ഉത്തരവു പ്രകാരം ആറു മാസത്തേക്ക് ഗുജറാത്തിനു പുറത്തു കഴിയുകയായിരുന്നു.

ഇതിനിടെ കര്‍ഷക സമരം രാജ്യവ്യാപകമാക്കുമെന്ന് മധ്യപ്രദേശിലെ കര്‍ഷകസമരത്തിനു നേതൃത്വം നല്‍കുന്ന ഭാരതീയ കിസാന്‍ സംഘിന്റെ നേതാവ് ശിവ് കുമാര്‍ ശര്‍മ്മ പറഞ്ഞു. ബി.ജെ.പി. അധികാരത്തിലുള്ള സംസ്ഥാനങ്ങളിലാണ് കര്‍ഷക പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുന്നതെന്ന് ശര്‍മ്മ ആരോപിച്ചു. ജൂണ്‍ 16ന് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ദേശീയ പാതകള്‍ ഉപരോധിക്കും. ജൂണ്‍ 16 തെരഞ്ഞെടുത്തതിനു പിന്നിലും ഒരു കാരണമുണ്ട്. മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള രാജ്യമെമ്പാടും നടക്കുന്ന ആഘോഷങ്ങള്‍ സമാപിക്കുന്ന ദിവസമാണ് ജൂണ്‍ 16. അന്ന് വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകരെ സംഘടിപ്പിച്ച ദേശീയ പാതകള്‍ ഉപരോധിക്കാനാണ് ഭാരതീയ കിസാന്‍ സംഘ് ലക്ഷ്യമിടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണിതെന്നും ശിവ്കുമാര്‍ ശര്‍മ്മ പറഞ്ഞു. യോഗാദിനമായ ജൂണ്‍ 21ന് കര്‍ഷകര്‍ റോഡില്‍ ശവങ്ങളെപ്പോലെ കിടന്ന് പ്രതിഷേധിക്കും.