അസമിലേത് വ്യാജ ഏറ്റുമുട്ടലെന്ന് റിപ്പോര്‍ട്ട് ചെയ്ത ഐ.ജിക്ക് സ്ഥലം മാറ്റം

0
107

അസമില്‍ രണ്ടുപേരുടെ മരണത്തിന് കാരണമായ ഏറ്റുമുട്ടല്‍ വ്യാജമാണെന്നു റിപ്പോര്‍ട്ട് നല്‍കിയ സി.ആര്‍.പി.എഫ് ഐ.ജിയെ സ്ഥലം മാറ്റി. ഐ.ജി. രജനീഷ് റായിയെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചിലാണ് സംഭവം നടന്നത്. അംഗുരി പോലീസ് സ്റ്റേഷനു കീഴിലുള്ള സിംലാഗുരി ഗ്രാമത്തില്‍ എന്‍.ഡി.എഫ്. ബോഡോലാന്റ് അംഗങ്ങള്‍ എന്ന് സംശയിക്കുന്ന രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണം വ്യാജ ഏറ്റുമുട്ടലാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം.

ഡി കാലിങ് ഗ്രാമത്തിലെ ഒരു വീട്ടില്‍ നിന്നും പിടികൂടിയ ഇവരെ സിംലാഗുരിയില്‍ വച്ച് കൊലപ്പെടുത്തുകയാണുണ്ടായതെന്നാണ് അദ്ദേഹം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. ഇവരെ കൊലപ്പെടുത്തിയശേഷം ഇവരുടെ ശരീരത്തില്‍ ആയുധങ്ങള്‍ വെയ്ക്കുകയാണുണ്ടായത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ലുകാസ് നര്‍സാരി എന്ന എന്‍ ലാങ്ഫയും ഡേവിഡ് അയലറി എന്ന ദായൂദുമാണ് സിംലാഗുരിയില്‍ കൊല്ലപ്പെട്ടത്. ഇത് വ്യാജ ഏറ്റുമുട്ടലാണെന്നു തെളിയിക്കാന്‍ തന്റെ പക്കല്‍ സാക്ഷികളുണ്ടെന്നും അദ്ദേഹം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. 2017 ഏപ്രില്‍ 17നാണ് റിപ്പോര്‍ട്ട് അയച്ചത്. ഷില്ലോങ് സി.ആര്‍.പി.എഫില്‍ ഐ.ജിയായി പോസ്റ്റു ചെയ്യപ്പെട്ട രജനീഷ് റായി ദല്‍ഹിയിലെ സി.ആര്‍.പി.എഫ് ഹെഡ്ക്വാട്ടേഴ്‌സിലേക്കാണ് അസാം ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് തെളിവുസഹിതം ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ട് നല്‍കിയത്.

ഇദ്ദേഹത്തെ ഇപ്പോള്‍ ആന്ധ്രാപ്രദേശിലേക്കാണ് സ്ഥലംമാറ്റിയത്. റായിയുടെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചതിനു പിന്നാലെയാണ് സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ്.