ഇടിച്ച കപ്പൽ നിയന്ത്രിച്ചത് സെക്കൻഡ് ഓഫീസർ

0
84

 

ചരക്കുകപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ച് രണ്ടുപേർ മരിക്കാനിടയായ അപകടസമയത്ത് കപ്പൽ നിയന്ത്രിച്ചത് സെക്കൻഡ് ഓഫീസറെന്ന് സൂചന. കഴിഞ്ഞദിവസം കപ്പലിൽനിന്ന് പിടിച്ചെടുത്ത രേഖകളിൽനിന്നാണിത് വ്യക്തമായത്. അതേസമയം, അപകടത്തെതുടർന്ന് കാണാതായ അസം സ്വദേശി മോദി ദാസിനുവേണ്ടി നടത്തിയ തെരച്ചിൽ ചൊവ്വാഴ്ചയും ഫലം കണ്ടില്ല. മരിച്ച അസം സ്വദേശി രാഹുൽകുമാർ ദാസിന്റെ മൃതദേഹം ചൊവ്വാഴ്ച വിമാനമാർഗം സ്വദേശമായ ഗുവാഹത്തിയിൽ എത്തിച്ചു.

മറൈൻ മെർക്കന്റയിൽ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് കപ്പലിന്റെ രേഖകൾ പിടിച്ചെടുത്തത്. രാത്രി 12 മുതൽ നാലുവരെ സെക്കൻഡ് ഓഫീസറാണ് കപ്പൽ നിയന്ത്രിച്ചതെന്ന് ഇതിലുണ്ട്. പുലർച്ചെ രണ്ടോടെയാണ് ബോട്ടിൽ കപ്പലിടിച്ചത്. എന്നാൽ, അപകടം അറിഞ്ഞിരുന്നില്ലെന്നാണ് ക്യാപ്റ്റന്റെ മൊഴി. അപകടത്തിനുശേഷം ഡിസിപി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി കപ്പൽ കസ്റ്റഡിയിലെടുത്തതായി പറയുമ്പോഴാണ് വിവരം അറിയുന്നതെന്നാണ് ക്യാപ്റ്റൻ വിശദീകരിച്ചത്. 185 മീറ്റർ നീളമുള്ള കപ്പലിന്റെ പിന്നിൽ മുകൾനിലയിൽനിന്നാണ് കപ്പൽ നിയന്ത്രിക്കുന്നത്.

ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ് കപ്പലിൽനിന്നുള്ള സുപ്രധാന രേഖകൾ പിടിച്ചെടുത്തത്. കോടതി അനുമതിയോടെ ഇതിന്റെ സൂക്ഷ്മപരിശോധന നടത്തും. അതിനുശേഷമാകും കേസ് രജിസ്റ്റർചെയ്ത് തുടർനടപടികളിലേക്ക് നീങ്ങുക. വോയേജ് ഡാറ്റാ റെക്കോഡർ ഡീകോഡ് ചെയ്ത് പരിശോധിക്കും. പനാമ രജിസ്‌ട്രേഷനുള്ള ആംബര്‍ കപ്പൽ തീരത്ത് അടുപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഈ കൂറ്റൻ കപ്പലിലെ ചരക്ക് മറ്റൊരു കപ്പലിലേക്ക് മാറ്റിയാലേ തീരത്തേക്ക് അടുപ്പിക്കാനാകൂ.