ഒരൊറ്റ ദിവസം, കെ.എസ്.ആര്‍.ടി.സിയ്ക്ക് 100 കോടി വായ്പ്പ, ഇത്രയ്ക്കും ഉദാരമതികളാണോ ബാങ്കുകള്‍ ?

0
209

ഒരൊറ്റ ദിവസം കൊണ്ട് നൂറു കോടി രൂപയുടെ വായ്പ്പ അനുവദിച്ച് കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് “വിസ്മയം” തീര്‍ക്കുന്നു..തിങ്കളാഴ്ച 100 കോടി വായ്പ്പയ്ക്ക് അപേക്ഷ നല്‍കിയ കെ.എസ്.ആര്‍.ടി.സിക്ക് പിറ്റേന്ന് തന്നെ ലോണ്‍ തുക കൈയ്യില്‍ നല്‍കിയാണ്‌ ജില്ലാ ബാങ്ക് ലോണ്‍ വിസ്മയം തീര്‍ത്തത്. ലോണ്‍ അനുവദിക്കുന്ന കാര്യത്തിലെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വിസമ്മതിച്ച് ജീവനക്കാര്‍ സൃഷ്ടിച്ച നാടകീയ രംഗങ്ങള്‍ മുഖവിലയ്ക്ക് എടുക്കാതെ ആണ് ലോണ്‍ അനുവദിക്കലും കൈമാറ്റവും നടന്നത്.

ഒറ്റരാത്രികൊണ്ട് നടപടിക്രമങ്ങൾ രഹസ്യമായി പൂർത്തിയാക്കി അതീവ രഹസ്യമായി വായ്പ നൽകാനായിരുന്നു നീക്കം. തിങ്കളാഴ്ചയാണ് വായ്പയ്ക്ക് കെ.എസ്.ആർ.ടി.സി. അപേക്ഷ നൽകിയത്. ജീവനക്കാരുടെ എതിർപ്പ് അവഗണിച്ച് ചൊവ്വാഴ്ച വൈകീട്ടോടെ ഒറ്റത്തവണയായി 100 കോടിരൂപയും കെ.എസ്.ആർ.ടി.സി.ക്കു നൽകി. അതിനിടെ വായ്പയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ മാനേജർമാർ കൂട്ടത്തോടെ അവധിയെടുത്തു. വായ്പ വിതരണംചെയ്യാൻ സമ്മർദം ഏറിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ മാനേജർ കുഴഞ്ഞുവീണു. മാനേജർമാരുടെയും വായ്പാവിഭാഗത്തിന്റെയും അറിവില്ലാതെ ജനറൽമാനേജർ നേരിട്ടാണ് പണം നൽകിയത്.

കെ.എസ്.ആർ.ടി.സി.ക്ക് ജില്ലാസഹകരണ ബാങ്കുകൾ വായ്പ അനുവദിക്കണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. കഴിഞ്ഞമാസത്തെ ശമ്പളം അനുവദിക്കുന്നതിന് 130 കോടി രൂപയാണ് കെ.എസ്.ആർ.ടി.സി.ക്ക് വേണ്ടത്. പത്തനംതിട്ട ജില്ലാബാങ്കിനെയാണ് ആദ്യം സമീപിച്ചത്. വായ്പനൽകാൻ അഡ്മിനിസ്ട്രേറ്റർ തീരുമാനിച്ചു. എന്നാൽ, ഇതിനെതിരെ ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചു. കോടതി സ്റ്റേ ചെയ്തതിനാൽ വായ്പ നൽകാനായില്ല. ഇതോടെയാണ്, കണ്ണൂർ ജില്ലാ ബാങ്കിനെ സമീപിച്ചത്. തിങ്കളാഴ്ചത്തെ അപേക്ഷയിൽ അന്നുതന്നെ വായ്പ അനുവദിക്കാൻ തീരുമാനമായി. ജീവനക്കാർ കടുത്ത എതിർപ്പുന്നയിച്ചപ്പോഴും എല്ലാകാര്യങ്ങളും പരിശോധിച്ചു മാത്രമേ വായ്പ നൽകുകയുള്ളൂവെന്നാണ് അഡ്മിനിസ്ട്രേറ്ററായ സഹകരണസംഘം ജോയന്റ് രജിസ്ട്രാർ അറിയിച്ചത്. അതിനാൽ, വായ്പ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ജീവനക്കാർക്ക് കിട്ടാതിരിക്കാൻ രഹസ്യമാക്കിവെച്ചു. തിങ്കളാഴ്ച പണം നൽകാനുള്ള തിരക്കിട്ട നീക്കം നടത്തി. ഇതറിഞ്ഞ് മൂന്ന് ഡെപ്യൂട്ടി ജനറൽ മാനേജർമാർ അവധിയെടുത്തു. വായ്പ വിതരണംചെയ്യേണ്ട പ്രധാന ശാഖയിലെ സീനിയർ മാനേജരും അവധിയിൽ പ്രവേശിച്ചു.

ജൂനിയർ മാനേജർക്കായിരുന്നു പിന്നീടുള്ള ചുമതല. ഇയാളുടെമേൽ വായ്പ അനുവദിക്കാൻ കടുത്ത സമ്മർദമുണ്ടായി. ഉച്ചയോടെ ഇദ്ദേഹം കുഴഞ്ഞുവീണു. ഉടനെ ആശുപത്രിയിലാക്കി. പിന്നീട് സീനിയർ അക്കൗണ്ടന്റിനായി ചുമതല. ഇതോടെ ഇയാളും അവധിയിൽപോയി. വൈകീട്ട് ജനറൽമാനേജർ നേരിട്ടാണ് പണം അനുവദിച്ചത്.സർക്കാർ ഗാരന്റിയിലാണ് വായ്പ. വായ്പയുടെ രണ്ടിരട്ടി വിപണിമൂല്യമുള്ള പണയവസ്തു നൽകണമെന്ന് വ്യവസ്ഥയുണ്ട്. ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകേണ്ടത് ബാങ്കിന്റെ ഓഫീസറാണ്. ഇതൊന്നും പാലിച്ചിട്ടില്ല. കെ.എസ്.ആർ.ടി.സി. പണം തിരിച്ചടച്ചില്ലെങ്കിൽ ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി കൂടി റിസർവ് ബാങ്കിന്റെ ലൈസൻസ് നഷ്ടമാകുന്ന സ്ഥിതിയാകും. ഇതാണ് ജീവനക്കാരുടെ എതിർപ്പിനു കാരണം.

വായ്പ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലും അട്ടിമറിയുണ്ടായി. ഡെപ്യൂട്ടി ജനറൽമാനേജർ ഒപ്പിട്ട ഉത്തരവാണ് സംഘടനാനേതാക്കൾക്ക് നൽകിയത്. യഥാർഥ ഉത്തരവിൽ ജനറൽമാനേജരാണ് ഒപ്പിട്ടത്. വായ്പ നൽകിയതിനെതിരെ കോൺഗ്രസ് അനൂകൂല ജീവനക്കാരുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.