കാന്തള്ളൂർ-വലിയശാലയുടെ സാംസ്‌കാരികത്തനിമ വീണ്ടെടുക്കും: കടന്നപ്പള്ളി

0
146

ജനമൈത്രി പോലീസിന്റെ പൈതൃകഗ്രാമം പദ്ധതിക്ക് തുടക്കമായി

കാന്തള്ളൂർ-വലിയശാല പൈതൃകഗ്രാമത്തിന്റെ സാംസ്‌കാരികത്തനിമ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്ക് പുരാവസ്തു വകുപ്പിന്റെ പിന്തുണയുണ്ടാകുമെന്ന് പുരാവസ്തു-പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ കാന്തള്ളൂർ-വലിയശാല സാംസ്‌കാരിക തനിമകളുടെ വീണ്ടെടുപ്പിനും സംരക്ഷണത്തിനുമുള്ള ‘പൈതൃകഗ്രാമം’ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. മഹത്തായ ചരിത്രവും സാംസ്‌കാരിക പാരമ്പര്യവുമുള്ള രാജ്യമാണ് ഇന്ത്യ. പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുപോലും ഇന്ത്യയിലെ ഈ പാരമ്പര്യം പഠിക്കാൻ ആളുകളെത്തുന്നുണ്ട്. ആയ് രാജാക്കൻമാരുടെ കാലഘട്ടത്തിൽ സർവകലാശാലയായി അറിയപ്പെട്ടിരുന്ന കാന്തള്ളൂർ-വലിയശാലയ്ക്ക് ചരിത്രത്തിൽ സുപ്രധാന സ്ഥാനമുണ്ട്. നമ്മുടെ ചരിത്രത്തിന്റെ തനിമ നിലനിർത്താനും പുതിയ തലമുറയിലേക്ക് ഇതിന്റെ സന്ദേശമെത്തിക്കാനും ശ്രമങ്ങളുണ്ടാകണം. പുരാവസ്തു-പുരാരേഖാ വകുപ്പ് ഇതിനുള്ള നടപടികൾ കൈക്കൊണ്ടുവരുന്നതായും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ദേവസ്വം ബോർഡ് കമ്മീഷണർ രാമരാജ പ്രേമപ്രസാദ് മുഖ്യാതിഥിയായിരുന്നു. സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻ കുമാർ, പൈതൃകഗ്രാമം സംഘാടക സമിതി ചെയർമാൻ ആർ. കൃഷ്ണയ്യർ, കൺവീനർ എസ്. കൃഷ്ണകുമാർ, നടൻ കൊല്ലം തുളസി, വലിയശാല പ്രവീൺ തുടങ്ങിയവർ സംബന്ധിച്ചു. തമ്പാനൂർ സർക്കിൾ ഇൻസ്പെക്ടർ ഡി.കെ. പൃഥ്വിരാജ് പൈതൃകഗ്രാമം പദ്ധതി രേഖയും സബ് ഇൻസ്പെക്ടർ എസ്.പി. പ്രകാശ് റിപ്പോർട്ടും അവതരിപ്പിച്ചു. വലിയശാല കൗൺസിലർ ലക്ഷ്മി സ്വാഗതവും ജനമൈത്രി ബി.ഒ ജയകുമാർ എസ്.എസ് നന്ദിയും പറഞ്ഞു. പദ്ധതിയുടെ ഭാഗമായി വലിയശാലയിൽ പൈതൃകവൃക്ഷം നടീലും മന്ത്രി നിർവഹിച്ചു.തമ്പാനൂർ പോലീസ് സ്റ്റേഷന്റെ ജനമൈത്രി പോലീസ് പദ്ധതിയുടെ ഭാഗമായാണ് സൗഹൃദഗ്രാമം, യാത്രാമൈത്രി, പൈതൃകഗ്രാമം എന്നീ പദ്ധതികൾ ആവിഷ്‌കരിച്ചിരിക്കുന്നത്.