കൈയിലുള്ളത് ഒരു സീറ്റുമാത്രം; എന്നിട്ടും ബി.ജെ.പിയുടെ പുതിയ ആസ്ഥാന മന്ദിരത്തില്‍ മുഖ്യമന്ത്രിക്ക് ഓഫീസ്

0
160

കേരളത്തില്‍ തിരുവനന്തപുരത്ത് ബി.ജെ.പി. പുതിയതായി നിര്‍മിക്കുന്ന ആസ്ഥാന മന്തിരത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും. ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഒരു സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞതെങ്കിലും അവര്‍ ശോഭനമായ ഭാവിയാണ് കേരളത്തില്‍ സ്വപ്‌നം കാണുന്നത്. ആ ഭാവിയുടെ മുന്നോടിയായാണ് കേരളത്തില്‍ ബി.ജെ.പി. സര്‍ക്കാരുണ്ടാക്കുനതും ആ സര്‍ക്കാരിന്റെ തലപ്പത്തുള്ള മുഖ്യമന്ത്രിക്കായി മാരാര്‍ജി ഭവനില്‍ ഓഫീസും കെട്ടുന്നതും.

ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ഒരാഴ്ച മുമ്പ് ആസ്ഥാന മന്തിരത്തിന് തറക്കല്ലിട്ടത്. തമ്പാനൂര്‍ അരിസ്റ്റോ ജങ്ങ്ഷനുള്ള മാരാര്‍ജി ഭവന്‍ പൊളിച്ചാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം. ഏഴുനിലകളായിരിക്കും കെട്ടിടത്തിന് ഉണ്ടാകുക. മുഖ്യമന്ത്രിയുടെ ഓഫീസും സംസ്ഥാന പ്രസിഡന്റിന്റെയും ഓഫീസ് ഒന്നാം നിലയിലായിരിക്കും. തറക്കല്ലിടുന്നത് പുതിയ സര്‍ക്കാരിന് കൂടി വേണ്ടിയാണെന്ന് അമിത് ഷാ ചടങ്ങിനിടെ പറഞ്ഞിരുന്നു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് തൊട്ടടുത്ത ലക്ഷ്യമാണെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പു കൂടി കണ്ടു പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശിച്ചാണ് അമിത് ഷാ മടങ്ങിയത്. കേരളത്തിലെ ഒരുക്കങ്ങളില്‍ അദ്ദേഹത്തിനു തൃപ്തിയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങള്‍ മാത്രം കേന്ദ്രീകരിക്കുന്ന രീതി വേണ്ടെന്നാണു പുതിയ നിര്‍ദേശം. അവസരത്തിനൊത്ത് കേരളത്തിലെ ബി.ജെ.പി. നേതൃത്വം ഉയര്‍ന്നില്ലെങ്കില്‍ സംസ്ഥാന ഘടകത്തെ തഴയുമെന്ന മുന്നറിയിപ്പ് നേതാക്കള്‍ക്ക് അമിത് ഷാ നല്‍കിയിരുന്നു. മടങ്ങിപ്പോകും മുമ്പ് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരെ വിളിച്ചും കര്‍ശന താക്കീത് അമിത് ഷാ ആവര്‍ത്തിച്ചു. ഇനി കേരളത്തില്‍ വരുന്നത് തന്റെ ജന്മദിനത്തിന്റെ അന്നാണ്. അന്നെങ്കിലും തന്നെക്കൊണ്ട് ചീത്ത പറയിപ്പിക്കരുത്. ഇനി ഒക്ടോബറിലാണ് അമിത് ഷാ കേരളത്തിലെത്തുന്നത്. തുടര്‍ന്ന് മൂന്നുമാസം കൂടുമ്പോഴെല്ലാം സന്ദര്‍ശനമുണ്ടാകുമെന്നും അദ്ദേഹം നേതാക്കളോട് വ്യക്തമാക്കിയിട്ടുണ്ട്. ഇനി പ്രവര്‍ത്തിക്കാതെ തരമില്ലെന്ന ഘട്ടത്തിലാണ് തങ്ങള്‍ സംസ്ഥാനത്ത് ശോഭനമായ ഭാവി കാണുന്നുണ്ടെന്നും അതുകൊണ്ടാണ് പുതിയ മന്ദിരത്തില്‍ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ മുറി മാറ്റിവച്ചുകൊണ്ടുള്ള നിര്‍മാണം സംസ്ഥാന ഘടകം നടത്തുന്നത്. മുഖ്യമന്ത്രിക്ക് പ്രത്യേക മുറി മാറ്റിവച്ചെങ്കിലും പാര്‍ട്ടിക്കുള്ളിലെ ശക്തമായ ഗ്രൂപ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ച് 50 സീറ്റെങ്കിലും പിടിക്കുന്നതിലേക്ക് പാര്‍ട്ടി എന്നു വളര്‍ന്നുവരുമെന്ന കാര്യത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കുതന്നെ കൃത്യമായ നിശ്ചയമില്ല.