കൊച്ചി മെട്രോ ഉദ്ഘാടനം : എന്തിനീ അവഹേളനം ?

0
5443

വെബ്‌ ഡസ്ക്

ഒരു പദ്ധതിയുടെ സാക്ഷാൽക്കാരത്തിന് വേണ്ടി രാപകൽ അധ്വാനിച്ചിട്ടും അതിൻറെ പൂർത്തീകരണ വേളയിൽ നിശബ്ദ കാഴ്ചക്കാർ ആകുക..അവഹേളനം എന്ന വാക്ക് അല്ലാതെ മറ്റൊന്നും ഉപയോഗിക്കാൻ ഇല്ല കൊച്ചി മെട്രോ ഔദ്യോഗീകമായി ഓടുന്ന ചടങ്ങിൽ നിന്നും മെട്രോ മാൻ ഇ.ശ്രീധരൻ, കെ.എം .ആർ.എൽ തലവൻ ഏലിയാസ് ജോർജ് എന്നിവരെ ഒഴിവാക്കിയതിൽ..ഒപ്പം ഉദ്ഘാടന വേദിയിൽ നിന്നും കേരളത്തിലെ പ്രതിപക്ഷ നേതാവ് കൂടി ഒഴിവാക്കപ്പെടുമ്പോൾ ഇതെന്തു ന്യായം എന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനെ നോക്കി ചോദിക്കാതെ വയ്യ .ഇടതുസർക്കാർ ഒന്നാം വാർഷീക വേളയിൽ ഉദ്ഘാടനം ചെയ്യാൻ ആഗ്രഹിച്ച കൊച്ചി മെട്രോ പ്രധാനമന്ത്രിയുടെ വിദേശ പര്യടന കാരണത്താൽ നീണ്ടപ്പോൾ പോലും ഉദ്ഘാടനത്തിനു പി.എം തന്നെ വേണമെന്ന് ശഠിച്ച കേരളത്തെയും മുഖ്യമന്ത്രിയെയും അപമാനിക്കുന്ന തീരുമാനം ആയിപ്പോയി ഇതെന്നും പറയാതെ വയ്യ.
പ്രധാനമന്ത്രിയുടെ ഓഫീസിനെ സംബന്ധിച്ച് ഇ.ശ്രീധരനും ഏലിയാസ് ജോർജും ഒക്കെ വെറും ഉദ്യോഗസ്ഥർ ആയിരിക്കാം…എന്നാൽ കേരളത്തിന്റെ സ്വപ്ന പദ്ധതിക്ക് ചുക്കാൻ പിടിച്ച ഈ രണ്ടു മനുഷ്യർ മലയാളികൾക്ക് അങ്ങനെയല്ല …അവർ അഭിമാനപൂർവം ഈ ചടങ്ങിൽ നെടു നായകത്വം വഹിക്കേണ്ടവർ ആണ്…അഴിമതി രഹിതമായും സ്വജന പക്ഷപാതം ഇല്ലാതെയും കേരളത്തിൽ ഒരു പദ്ധതി പൂർത്തീകരിക്കുക എന്നത് സാധ്യമെന്ന് തെളിയിച്ച രണ്ടു പേരാണ് ശ്രീധരനും ഏലിയാസ് ജോർജും. കൊച്ചി മെട്രോ എന്ന സ്വപനം കേരളം കണ്ടു തുടങ്ങിയത് തന്നെ മെട്രോ മാൻ എന്ന ഇ. ശ്രീധരന്റെ പേര് കൂടി ചേർന്നത് കൊണ്ടാണ്. ശ്രീധരനെ കൊച്ചി മെട്രോ നടത്തിപ്പിൽ നിന്നും ഒഴിവാക്കാൻ നീക്കം നടന്നപ്പോഴും ഡി.എം.ആർ.സിയുടെ ചുമതല ഒഴിഞ്ഞ ശേഷം മംഗൂ സിങ്ങും കൂട്ടരും കളം പിടിച്ചെടുക്കാൻ നോക്കിയപ്പോഴും എല്ലാം കേരളം രാഷ്ട്രീയ ഭേദമെന്യേ ആണ് പ്രതികരിച്ചത് എന്ന് ഓർക്കുക. അത്ര മാത്രം വിശ്വാസം ആയിരുന്നു ശ്രീധരനെ കേരളത്തിലെ സാമാന്യ ജനങ്ങൾക്ക്. കൊച്ചി മെട്രോയ്ക്ക് ഒപ്പം ഡി.എം.ആർ.സി ഏറ്റെടുത്ത മേൽപ്പാലങ്ങളുടെ പണികൾ സമയ ബന്ധിതമായി പൂർത്തീകരിച്ചും ബജറ്റ് തുകയേക്കാൾ കുറച്ചുമാത്രം ചിലവാക്കിയും ബാക്കി തിരിച്ചു കൊടുത്തുമെല്ലാം ശ്രീധരൻ കേരളം അർപ്പിച്ച വിശ്വാസം കാക്കുകയും ചെയ്തു. ഉദ്ഘാടന ചടങ്ങിൻറെ വേദിയിൽ നിന്നും ഒഴിവാക്കിയതിൽ അസ്വാഭാവീകത ഇല്ലെന്നും അത് അംഗീകരിക്കുന്നുവെന്നും ഇ.ശ്രീധരൻ പ്രതികരിച്ചുവെങ്കിലും ഇതല്ല കേരളം കാംഷിച്ചത് എന്ന് ഉറപ്പാണ്.പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും അടുത്തിരുന്നു ജന്മനാട്ടിലെ ചടങ്ങിൽ അഭിമാനപൂർവം പങ്കെടുക്കുന്ന ശ്രീധരൻ ഒരു അനിവാര്യത തന്നെ ആയിരുന്നു.
ടോം ജോസ് എന്ന പഴയ കൊച്ചി മെട്രോ എം.ഡിയിൽ നിന്നും കൊച്ചി മെട്രോയുടെ ചുമതല ഏൽക്കുമ്പോൾ അഴിമതിക്കുള്ള ചില ശ്രമങ്ങളുടെ നിഴൽ മറികടക്കേണ്ടത് ഉണ്ടായിരുന്നു ഏലിയാസ് ജോർജിന്. ശ്രീധരനെ ഒഴിവാക്കാൻ ടോം ജോസ് നടത്തിയ ശ്രമങ്ങളും അതിൻറെ അലയൊലികളും നിലനിൽക്കുന്ന ഒരു കസേരയാണ് ഭംഗിയായി ഏലിയാസ് ജോർജ് എന്ന ഐ.എ. എസുകാരൻ കൈയ്യാളിയത്. ഒരൽപ്പം ഇഴഞ്ഞു എന്ന് പറഞ്ഞാൽ പോലും ആരും കൊച്ചി മെട്രോ പദ്ധതിയുടെ നേരെ അഴിമതിയുടെ ഒരു ആരോപണം പോലും ഉയർത്താതെ കടമ നിർവഹിക്കാൻ അദ്ദേഹത്തിന് ആയി എന്നത് സുവ്യക്തമായ കാര്യമാണ്. അതു കൊണ്ട് തന്നെയാണ് സർക്കാരുകൾ മാറിയിട്ടും വിരമിക്കൽ പ്രായം ആയിട്ടും ഉമ്മൻചാണ്ടിയുടെ കാലത്ത് വന്ന എം.ഡിയെ പിണറായി വിജയൻ കൈവിടാതെ കാത്തതും. വെറും മെട്രോ മാത്രമല്ലാതെ സമഗ്രമായ ഒരു ട്രാൻസ്‌പോർട്ട് സിസ്റ്റം കൊച്ചിക്ക് കിട്ടുന്നുവെങ്കിൽ ആ ഭാവന കേരളത്തിന് സമ്മാനിച്ച വ്യക്തിയെ ഒഴിവാക്കാൻ പാടുണ്ടോ ?? ചടങ്ങിന്റെ മുഖ്യ സംഘാടകർ എന്ന നിലയിൽ ചടങ്ങിൽ നിന്നും ഒഴിവാക്കപെട്ടത് കാര്യമായി എടുക്കുന്നില്ല എന്ന ഏലിയാസ് ജോർജിൻറെ വാക്കുകൾ അദ്ധേഹത്തിന്റെ ഔന്നിത്യത്തിൽ നിന്നും വരുന്നതാണ്. അല്ലാതെ അദ്ദേഹത്തിന് പരാതി ഇല്ലല്ലോ പിന്നെ നിങ്ങൾക്ക് എന്താണ് എന്ന തൊടുന്യായം ഉയർത്താനുള്ള അവസരം അല്ല.


പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ച പരിപാടി പ്രകാരം പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി വെങ്കയ്യ നായ്ഡു, ഗവർണർ, കെ.വി. തോമസ് എം.പി, മന്ത്രി തോമസ് ചാണ്ടി, മേയർ സൗമിനി ജയിൻ എന്നീ ഏഴുപേരേ വേദിയിലുണ്ടാകു. അവരിൽത്തന്നെ പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി നായ്ഡു എന്നിവർക്ക് മാത്രമാണ് സംസാരിക്കാൻ അവസരം. സ്വാഗതം പറയുന്ന കെ.എം.ആർ.എൽ എം.ഡി ഏലിയാസ് ജോർജ് താഴെ ഇരിക്കണം. ഗവർണർ ഉൾപ്പെടെ നാലുപേർക്ക് വേദിയിൽ സ്ഥാനമുണ്ടെങ്കിലും സംസാരിക്കാൻ അവസരമില്ല.സംസ്ഥാന സർക്കാർ നിർദ്ദേശിച്ച പരിപാടി പ്രകാരം 17 പേർക്ക് വേദിയിൽ ഇരിപ്പിടമുണ്ടായിരുന്നു. 10 പേർക്ക് സംസാരിക്കാനുളള അവസരവും. പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി നായ്ഡു എന്നിവർക്ക് പുറമെ ഗവർണർ പി. സദാശിവം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡോ.ഇ. ശ്രീധരൻ, കെ.വി. തോമസ് എം.പി, പി.ടി. തോമസ് എം.എൽ.എ, കെ.എം.ആർ.എൽ എം.ഡി. ഏലിയാസ് ജോർജ്, എന്നിവർക്കായിരുന്നു സംസാരിക്കാൻ അവസരം.

കൊച്ചി മെട്രോയുടെ ആലോചനയിലും ശിലാസ്ഥാപന ചടങ്ങിലും തുടങ്ങി പ്രതിപക്ഷത്ത് ആരാണോ അവരുടെ നേതാവിന് അർഹമായ പരിഗണന നല്കിയിരുന്നുവെന്നതും ചേർത്ത് വായിക്കുക. മെട്രോ പണി പൂർത്തീകരിക്കാതെ തിടുക്കത്തിൽ തിരഞ്ഞെടുപ്പ് ലക്ഷ്യത്തോടെ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തപ്പോൾ ചടങ്ങ് വി.എസ്. അച്യുതാനന്ദൻ ബഹിഷ്‌ക്കരിച്ചപ്പോൾ അല്ലാതെ ഒരു തരത്തിലുള്ള രാഷ്ട്രീയ ചേരി തിരിവും കേരളത്തിൽ നിന്നും ഉണ്ടായിട്ടുമില്ല. ശിലാസ്ഥാപന ചടങ്ങിൽ അന്ന് മൻമോഹൻ സിങ്ങിനൊപ്പം കേന്ദ്ര മന്ത്രിമാരും സ്ഥലം എം.പിയും സംസ്ഥാന മന്ത്രിമാരും വേദി പങ്കിട്ടപ്പോൾ ഇല്ലാതിരുന്ന സുരക്ഷാ പ്രശനം ഇപ്പോൾ ഉരുത്തിരിഞ്ഞത് എങ്ങനെ എന്നതിന് ഉത്തരം പ്രധാനമന്ത്രിയുടെ ഓഫീസ് നൽകേണ്ടി വരും. ആലുവയിൽ നടക്കേണ്ട ചടങ്ങ് കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിലേക്ക് സുരക്ഷാ പോര എന്ന കാരണം മൂലം മാറ്റിയിട്ടും ഇങ്ങനെ പ്രതിപക്ഷ നേതാവും സ്ഥലം എം.പിയും എം.എൽ.എയും ഒഴിവാക്കപ്പെടുമ്പോൾ അതിനെ ചുരുക്കി കാണാൻ ആകില്ല കേരളത്തിന്. മോഡി വന്നാലേ ഉദ്ഘാടനം ചെയ്യൂ എന്ന മര്യാദ കാട്ടി കാത്തിരുന്ന കേരളത്തിന്റെ കാര്യത്തിൽ ആകുമ്പോൾ പ്രത്യേകിച്ചും..തീരുമാനം തിരുത്തിയേ തീരൂ സർ….