കൊച്ചി മെട്രോ ഉദ്ഘാടന വേദിയിൽ ഇ ശ്രീധരനും ഇടമില്ല, പ്രധാനമന്ത്രിയുടെ ഓഫീസ് വെട്ടി

0
222

ശനിയാഴ്ചത്തെ കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങിൽ വേദിയിരിക്കേണ്ടവരുടെ പട്ടികയിൽ നിന്ന് മെട്രോമാൻ ഇ.ശ്രീധരനെ ഒഴിവാക്കി. ഉദ്ഘാടകനായ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം നാല് പേർക്ക് മാത്രമായിരിക്കും വേദിയിൽ ഇരിപ്പിടമുണ്ടാകുക.

പ്രധാനമന്ത്രി, ഗവർണർ പി.സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ നായ്ഡു, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരാകും വേദിയിലുണ്ടാകുക. വേദിയിൽ ഇരിക്കേണ്ടവരുടേതായി ഈ നാല് പേരുടെ പേരുകളാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയിട്ടുള്ളത്. കേരളാ സര്‍ക്കാര്‍ ശ്രീധരന്‍ അടക്കമുള്ളവരുടെ പട്ടിക ആണ് കൈമാറിയത് എന്ന് കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്.പി.ജി ആണ് പേരില്‍ അന്തിമ തീരുമാനം എടുക്കുക.

സംസ്ഥാന സർക്കാറിന് ആദ്യഘട്ടത്തിൽ കെ.എം.ആർ.എൽ നൽകിയത് 13 പേരുടെ പേരുകളായിരുന്നു ചടങ്ങിലേക്ക് നൽകിയത്.മെട്രോ നിർമ്മാണത്തിന്റെ മുഖ്യഉപദേശകനായ ഇ.ശ്രീധരന് പുറമെ കെ.എം.ആർ.എൽ എംഡി ഏലിയാസ് ജോർജ്, പ്രതിപക്ഷ നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, പി.ടി തോമസ് എം.എൽ.എ എന്നിവരെയാണ് ഉദ്ഘാടന വേദിയിൽ നിന്ന് ഒഴിവാക്കപ്പെടുന്നവർ. പ്രതിപക്ഷ നേതാവ്, സ്ഥലം എം.പി, എം.എല്‍.എ എന്നിവരെ ഒഴിവാക്കി എന്നതും കൌതുകകരമാണ്. ഒപ്പം ഈ പദ്ധതിയുടെ ചുമതലയും ചുക്കാനും പിടിച്ച ഇ.ശ്രീധരന്‍, ഏലിയാസ് ജോര്‍ജ് എന്നിവരുടെ പേരുകള്‍ വെട്ടിയതും. വേദിയിലില്ലെങ്കിലും ചടങ്ങിൽ ഇവരെല്ലാം പങ്കെടുക്കും.

ഈ ശനിയാഴ്ച രാവിലെ 11നാണ് കൊച്ചി മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നത്. ആലുവയിൽ നടത്താനിരുന്ന ഉദ്ഘാടനച്ചടങ്ങ് എസ്പിജിയുടെ നിർദേശപ്രകാരം കലൂർ സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു. രാവിലെ 10.30ന് പാലാരിവട്ടത്തെത്തുന്ന പ്രധാനമന്ത്രി അവിടെനിന്നു മെട്രോയിൽ പത്തടിപ്പാലം വരെയും തിരിച്ചു പാലാരിവട്ടത്തേക്കും യാത്ര ചെയ്യും.