ക്രയോണ്‍ ഉപയോഗിച്ചു വരച്ച അവ്യക്തമായ ചിത്രങ്ങള്‍ വ്യാഖ്യാനിച്ച് 10 വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു. ഡല്‍ഹി കോടതിയാണ് പെണ്‍കുട്ടി വരച്ച ചിത്രം തെളിവായി സ്വീകരിച്ച് പ്രതിക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.
അമ്മ മരിച്ച, അച്ഛനുപേക്ഷിച്ച 10 വയസുകാരിയെ രണ്ട് വര്‍ഷത്തോളം ലൈംഗികമായി ആക്രമിച്ച അമ്മാവനാണ് ശിക്ഷിക്കപ്പെട്ടത്. അഞ്ച് വര്‍ഷത്തെ തടവിന് പുറമെ കുട്ടിയുടെ ക്ഷേമത്തിനായി മൂന്നു ലക്ഷം രൂപ പിഴയും ഇയാള്‍ക്കുമേല്‍ കോടതി ചുമത്തിയിട്ടുണ്ട്.
‘2014 നവംബറില്‍ ബസില്‍ വെച്ചാണ് സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കുട്ടിയെ ലഭിക്കുന്നത്. സന്നദ്ധ പ്രവര്‍ത്തകരുടെ ഇടപെടലും പുനരധിവാസ ശ്രമങ്ങളുമാണ് കുട്ടിയുടെ ഭൂതകാലം മനസ്സിലാക്കാന്‍ സഹായിച്ചത്. അമ്മ മരിച്ച ശേഷം മുഴുക്കുടിയനായ അച്ഛന് കുട്ടിയെ ഉപേക്ഷിച്ചു. ബന്ധുവായ സ്ത്രീയാണ് കുട്ടിയെ ഡല്‍ഹിയിലേക്ക് കൊണ്ട് വരുന്നത്. അവിടെ വെച്ച് വീട്ടു ജോലികള്‍ സ്ത്രീ കുഞ്ഞിനെ കൊണ്ട് ചെയ്യിപ്പിച്ചു. ജോലി ചെയ്യാന്‍ മറ്റ് വീടുകളില്‍ പറഞ്ഞയയ്ക്കുകയും ചെയ്തു. ഇതിനെല്ലാം പുറമെയായിരുന്നു അമ്മാവന്റെ ലൈംഗിക ഉപദ്രവവും’, കോടതി നിരീക്ഷിച്ചു.
മൊഴി നല്കാന് പ്രാപ്തയല്ല പെണ്‍കുട്ടിയെന്നും പെണ്‍കുട്ടിയെക്കൊണ്ട് നിര്‍ബന്ധിച്ച് പറയിപ്പിക്കകയാണെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. എന്നാല്‍ പെണ്‍കുട്ടി വരച്ച ചിത്രം കുട്ടിയുടെ മാനസികാവസ്ഥയും സംഘര്‍ഷങ്ങളും വരച്ചു കാട്ടുന്നതാണെന്നായിരുന്നു ജഡ്ജിയുടെ നിരീക്ഷണം. വലിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് പ്രതിയിലേക്ക് പോലീസിന് എത്തിച്ചേരാനായത്. 2016 ജൂണ്‍ നാലിന് പ്രതി അറസ്റ്റിലാവുകയും ചെയ്തു.